Wednesday, April 21

ധിക്കാരിപ്പട്ടം ചാർത്തപ്പെട്ട നേതാവ് ജനകീയനായതിനു പിന്നിൽ ; പിണറായിയെ കെ മനോജ് കുമാർ വിലയിരുത്തുന്നു

 

ഒരു പതിറ്റാണ്ട് മുൻപ് കേരളത്തിൽ ഏറ്റവും കൂടുതൽ ആക്രമിക്കപ്പെട്ട രാഷ്ട്രീയനേതാവായിരുന്നു പിണറായി വിജയൻ. ധാർഷ്ട്യം എന്ന വാക്ക് ആ പേരിനോട് ചേർത്ത് എന്നും വായിക്കപ്പെട്ടിരുന്നു. പിന്നീട് സ്വന്തം ഇച്ഛയാൽ മാത്രം പ്രവർത്തിക്കുന്ന നിശ്ചയദാർഢ്യമുള്ള നേതാവ് എന്ന തൂവലുംകൂടി ചാർത്തപ്പെട്ടിരുന്നു. ഈ മൂന്ന് വിശേഷണങ്ങളും പേറി അധികാരത്തിലെത്തിയ പിണറായി വിജയനെ ഭരണതലത്തിൽ തിളങ്ങാൻ സഹായിച്ചതും ശത്രുക്കൾ ചാർത്തിക്കൊടുത്ത ഈ വിശേഷണങ്ങളായിരുന്നു എന്നതാണ് യാഥാർത്ഥ്യം.

അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയായി അധികാരം ഏറ്റെടുത്തപ്പോൾ വിളിച്ചുചേർത്ത യോഗങ്ങളിലെല്ലാം വകുപ്പുതലത്തിൽത്തന്നെ മൂന്നിലധികം ചർച്ചകൾ നടത്തി കൃത്യമായ ഗൃഹപാഠം ചെയ്‌‌ത് മാത്രമെ സെക്രട്ടറിമാർ പങ്കെടുത്തിരുന്നുള്ളൂ. അതേ തരത്തിലുള്ള ഗൃഹപാഠം മുഖ്യമന്ത്രിയും നടത്തിയിട്ടുണ്ടെന്ന് യോഗത്തിൽ പങ്കെടുത്തവർക്കും മനസ്സിലായി. മീറ്റിങ്ങുകളിൽ മുഴുവൻ സമയവും മുഖ്യമന്ത്രി പങ്കെടുക്കുന്നു എന്ന പ്രത്യേകതയും അവർ തിരിച്ചറിഞ്ഞു. സാധാരണ മീറ്റിങ്ങുകൾ തുടങ്ങുമ്പോഴോ അവസാനിക്കുന്ന അവസാന മിനിട്ടുകളിലോ മാത്രമാണ് മുഖ്യമന്ത്രിമാരുടെ സാന്നിധ്യം ഉണ്ടാവുക.

ദേശീയജലപാതയുടെ പ്രവർത്തനസ്ട്രാറ്റജി തയ്യാറാക്കാൻ കൂടിയ യോഗം മൂന്നര മണിക്കൂർ നീണ്ടു. മുപ്പത് വർഷമായി തടസ്സപ്പെട്ടിരുന്ന പ്രവർത്തനങ്ങൾ പുനർജീവിപ്പിക്കുവാനായി മുഖ്യമന്ത്രി നടത്തിയ ഇടപെടലിനെക്കുറിച്ച്, അതിന് ചുമതലപ്പെട്ട വി.ജെ. കുര്യൻ ഒരിക്കൽ വിശദീകരിച്ചിരുന്നു – പ്രശ്നങ്ങൾ കണ്ടെത്തുക, അതിന് പരിഹാരം കണ്ടെത്തുക, ചർച്ച വിഷയത്തിൽനിന്നു മാറുമ്പോൾ “നമുക്ക് വിഷയത്തിലേക്ക് വരാ”മെന്ന് ഓർമ്മിപ്പിക്കുക. ഇതാണ് രീതി.

മുൻപ് വൈദ്യുതി വകുപ്പ് മന്ത്രിയായിരിക്കെ പിണറായി വിജയൻ നടത്തിയിട്ടുള്ള നിരവധി മീറ്റിങ്ങുകളിൽ പങ്കെടുത്തിട്ടുണ്ട്. ഓരോ മീറ്റിങ്ങിലും നടപ്പിലാക്കേണ്ട കാര്യങ്ങളുടെ മൈൽസ്റ്റോണുകൾ നിശ്ചയിച്ച് അത് കൃത്യമായി നടപ്പിലാക്കാനുള്ള പദ്ധതി തയ്യാറാക്കുകയും ഓരോ ഘട്ടത്തിലും പൂർത്തിയാക്കേണ്ട ടൈം ഫ്രെയിം ഉണ്ടാക്കുകയും അടുത്ത മിറ്റിങ്ങിൽ ഇത് ചർച്ച ചെയ്യുകയും ചെയ്യുന്ന രീതി കണ്ടിട്ടുണ്ട്.

മുഖ്യമന്ത്രിയായ ശേഷമുള്ള ഒരു മീറ്റിംഗിൽ പങ്കെടുത്തു. ജനങ്ങളുടെ പരാതി പരിഹരിക്കുന്നതിന് ഒരു സ്ഥിരം സംവിധാനം ഒരുക്കാനുള്ളതായിരുന്നു. രണ്ട് മുൻ മുഖ്യമന്ത്രിമാരുടെ പരാതിപരിഹാരസംവിധാനമായ ‘സുതാര്യകേരളം’ പദ്ധതിയുടെ നോഡൽ ഓഫീസർ എന്ന തരത്തിൽ അഭിപ്രായം പറയാനാണ് എന്നെ വിളിച്ചത്. തിരഞ്ഞെടുക്കുന്ന പരാതികൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു പരിഹാരം തേടുന്ന ടെലിവിഷൻ പരിപാടി വേണ്ടായെന്ന് അദ്ദേഹം ആദ്യമെ നിലപാട് വിശദീകരിച്ചു. എന്നാൽ എല്ലാവർക്കും അവരുടെ പരാതികൾ ഫാസ്റ്റ് ട്രാക്കിൽ മുഖ്യമന്ത്രിയുടെയും അധികാരികളുടെയും ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കണ്ടെത്തുന്നതിന് സാങ്കേതികപിന്തുണയുള്ള സ്ഥിരം സംവിധാനം ഉണ്ടാക്കണമെന്ന് നിർദ്ദേശിച്ചു. ആ യോഗത്തിൽ അദ്ദേഹത്തിന്റെ ഒരു മിനുട്ട് ആമുഖത്തിനുശേഷം നാൽപ്പതു മിനുട്ടോളം മറ്റുള്ളവർ അഭിപ്രായങ്ങൾ പറഞ്ഞു. ഒരിക്കൽപ്പോലും അദ്ദേഹം ഇടപെട്ടില്ല. എന്നാൽ കാതലായ ചില അഭിപ്രായം പറഞ്ഞ ഒരാളെ അദ്ദേഹം ചില ചോദ്യങ്ങൾ ചോദിച്ച് വിശദാംശങ്ങൾ തേടി. പ്രതിഭാശാലിയായ ഈ സാങ്കേതികവിദഗ്ദൻ ആകട്ടെ അയാൾക്കറിയാവുന്ന കാര്യങ്ങൾ വാക്കുകളിലൂടെ പ്രകടിപ്പിക്കാൻ അത്ര ശേഷിയുള്ള ആളായിരുന്നില്ല. അയാളുടെ ശേഷി തിരിച്ചറിയാനുള്ള പരിചയമാണ് പിണറായിയെ മറ്റ് മുഖ്യമന്ത്രിമാരിൽനിന്ന് വ്യത്യസ്തനാക്കുന്നത്.

Read Also  പ്രതിപക്ഷ ഐക്യം മിഥ്യയോ? എഎപിയുമായി സഖ്യത്തിനില്ലെന്ന് കോണ്‍ഗ്രസ്

ഇതിന്റെ തുടർച്ചയായാണ് മുഖ്യമന്ത്രിയുടെ C.M.O. പോർട്ടലും ദുരിതാശ്വാസനിധിയിൽനിന്ന് സഹായം ലഭിക്കുന്നതിനുള്ള ഓൺലൈൻ സംവിധാനവും തയ്യാറാക്കുന്നത്. ഒരാൾക്ക് അടിയന്തരസഹായം വേണമെങ്കിൽ അത് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ ലഭ്യമാക്കാനുള്ള സംവിധാനം ഉണ്ടാക്കുകയെന്നതാണ് പരിഹാരം, അല്ലാതെ രാഷ്ട്രീയക്കാരുടെയോ ഉദ്യോഗസ്ഥരുടെയൊ പിന്നാലെ നടന്ന് അവരുടെ ഔദാര്യമായി ലഭിക്കേണ്ടതല്ല സർക്കാർ പദ്ധതികളെന്ന കൃത്യമായ സന്ദേശം ആ മീറ്റിങ്ങിന്റെ ആമുഖത്തിൽ പറഞ്ഞത് പിന്നീട് നടപ്പാക്കി.

അധികാരത്തിലെത്തുന്നതിനു വളരെ മുൻപേ എന്തെല്ലാം നടപടികളാണ് ഓരോ മേഖലയിലും എടുക്കേണ്ടത് എന്നതിന്റെ മുന്നൊരുക്കം നടത്തിയിരുന്നു എന്നതിന്റെ വലിയ തെളിവാണ് മിഷനുകളുടെ രൂപവത്ക്കരണത്തിനു മുൻപു നടന്ന മീറ്റിങ്ങുകൾ. കേരള പഠന കോൺഗ്രസ്സ് പോലെ മുൻപ് നടത്തിയിരുന്ന പഠനങ്ങളെ എങ്ങനെ പ്രവൃത്തിപഥത്തിൽ കൊണ്ടുവരാമെന്നതിനുള്ള രൂപകൽപ്പന കൃത്യമായി ഉണ്ടായിരുന്നു. വെള്ളമാണ് പ്രധാനം, അത് സംശുദ്ധമാകണമെങ്കിൽ മാലിന്യങ്ങൾ ഒഴിവാക്കണം, ജലം സംരക്ഷിക്കണമെങ്കിൽ അത് നിലനിർത്താനുള്ള തണ്ണീർതടങ്ങളും കൃഷിയിടങ്ങളും പുനർജ്ജീവിപ്പിക്കണം.മാലിന്യങ്ങൾ പുനരുപയോഗസാധ്യതയുള്ളവയുമാണ്. അതിനാണ് വെള്ളം വൃത്തി വിളവ് എന്നീ മൂന്ന് അടിസ്ഥാനശിലകളെ യോജിപ്പിച്ച് ഹരിതകേരളം മിഷൻ ഉണ്ടാകുന്നത്.

പത്രസമ്മേളനങ്ങൾ നടത്താതെ പത്രപ്രവർത്തകരോട് ‘കടക്ക് പുറത്ത്’ എന്ന് പറഞ്ഞ പിണറായി വിജയൻ കേരളം വലിയ പ്രതിസന്ധി നേരിട്ടപ്പോൾ ഒരു ദിവസം തന്നെ പല തവണ പത്രസമ്മേളനങ്ങൾ നടത്തുകയുണ്ടായി. 2018-ലെ മഹാപ്രളയസമയത്ത് മുഴുവൻ ജനങ്ങൾക്കും ആത്മവിശ്വാസം നൽകുന്ന വാക്കുകളായിരുന്നു അദ്ദേഹത്തിന്റേത്. അതിലൂടെ നമ്മൾ സുരക്ഷിതരാണെന്ന ബോധം നമുക്കുണ്ടായി. ഓരോ ദിവസവും മൂന്നു മണിക്കൂർ ഇടവിട്ട് നടത്തിയ അവലോകനയോഗത്തിലെ വിവരങ്ങൾ നമുക്ക് കൈമാറി. ലോകത്തെമ്പാടുമുള്ള വിദഗ്ദ്ധരുമായി ചർച്ചകൾ നടത്തി. കൃത്യമായ ആസൂത്രണത്തോടെ പ്രളയത്തെ തുടർന്ന് പടർന്നുപിടിക്കാറുള്ള പകർച്ചവ്യാധികളെ അദ്ഭുതകരമായി നമ്മൾ തടഞ്ഞുനിർത്തി. ആടുമാടുകളുടെ ശവശരീരങ്ങൾ കൃത്യമായി മറവു ചെയ്‌‌തു. ജലസ്രോതസ്സുകളും കിണറുകളും മാലിന്യമുക്തമാക്കേണ്ടത് എങ്ങനെയെന്ന് നമ്മളെ പഠിപ്പിച്ചു.

‘ഇനി നമുക്കിറങ്ങാം വീടുകൾ വൃത്തിയാക്കാ’നെന്നു പറഞ്ഞ് ജനകീയപങ്കാളിത്തത്തോടെ പ്രളയത്തിന്റെ കെടുതികളെ നാം അതിജീവിച്ചു. ലോകമെങ്ങുമുളള മലയാളികളെ ഒരേ കുടക്കീഴിൽ കൊണ്ടുവന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒഴുകിയെത്തിയ 3800 കോടി രൂപ. (സമാനമായ അഭ്യർത്ഥന നമ്മുടെ പ്രധാനമന്ത്രിയും നടത്തിയിരുന്നു. മുൻ വർഷത്തേക്കാൾ അധികമായി PMNRF-ലേക്ക് അക്കൊല്ലം ലഭിച്ചത് 370 കോടി രൂപ മാത്രം. )

പ്രതിസന്ധികളിൽ എല്ലാവരെയും ചേർത്തുനിർത്തുന്നതിൽ കാണിച്ച ഊഷ്‌‌മളതയാണ് പൊതുസമൂഹം ഈ മനുഷ്യനു മനസ്സിൽ ചേക്കേറാൻ അനുമതി നൽകിയത്. ധിക്കാരിയെന്നും തൻപോരിമക്കാരനെന്നും ധാർഷ്ട്യക്കാരനെന്നും ആഘോഷിച്ചിരുന്ന ഒരു മനുഷ്യൻ, പട്ടിക്കും കുരങ്ങിനും പക്ഷികൾക്കും ഭക്ഷണം നൽകണമെന്നു പറയുമ്പോഴാണ് നാം അക്കാര്യം ചിന്തിക്കാൻ തുടങ്ങിയത്. വീട്ടിൽ അടച്ചിരുന്നാൽ ഉണ്ടാകാവുന്ന മാനസികസംഘർഷത്തെ മണ്ണിലിറങ്ങി പണിയെടുക്കുവാൻ ആഹ്വാനം ചെയ്‌‌തതിലൂടെ ലഘൂകരിക്കാമെന്ന മാജിക്ക് നാം തിരിച്ചറിഞ്ഞു. പ്രളയവും കോവിഡും വികസനത്തിനുള്ള അവസരമാക്കിയത് കേരളം മാത്രമാകും. ഡിജിറ്റൽ കണക്റ്റിവിറ്റി പൂർത്തിയാക്കി, ആശുപത്രിയിലെ കിടത്തിച്ചികിത്സയുടെ ബെഡ്ഡുകൾ ആയിരത്തിനു രണ്ട് എന്ന ക്രമത്തിലാക്കി. ചെറുകിട നാമമാത്ര സംരംഭകർക്കായി കോടിക്കണക്കിനു രൂപയുടെ വായ്പകൾ, കുടുംബശ്രീയിലൂടെ മാത്രം 1100 കോടിയുടെ പലിശരഹിത വായ്പ , ആയിരക്കണക്കിനാളുകൾക്ക് സ്വയം തൊഴിലിനുള്ള പിന്തുണസംവിധാനം, കുട്ടികൾക്ക് അദ്ധ്യയനവർഷം നഷ്ടപ്പെടാതിരിക്കാനുളള ഫസ്റ്റ്ബെൽ ക്ലാസ്സുകൾ, നമ്മുടെ പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തിയുളള രോഗപ്രതിരോധസംവിധാനം എന്നിവ കൊണ്ടുവന്നു. എന്തിനേറെ, ലോകത്തെമ്പാടുമുളള മലയാളികൾ തങ്ങൾ ഏറ്റവും സുരക്ഷിതരാവുന്നത് കേരളത്തിലാണെന്നു തിരിച്ചറിഞ്ഞു.

Read Also  സർക്കാർ വിചാരിച്ചാൽ സ്ത്രീകളെ പ്രവേശിപ്പിക്കാൻ കഴിയും, എന്നാൽ സർക്കാരിന് തിടുക്കമില്ലെന്ന് മുഖ്യമന്ത്രി

രണ്ടാംപ്രളയം ഉണ്ടായപ്പോൾ ഭാവിയിലേക്കു നടപ്പാക്കേണ്ട ദുരന്തനിവാരണപദ്ധതികളുടെ രൂപരേഖയുമായി ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയെ കണ്ടു. ഒരു മണിക്കൂർ വിശദമായ പ്രസന്റേഷൻ നടത്തി, നടപ്പാക്കേണ്ട നിയമനിർമ്മാണങ്ങൾ ലിസ്റ്റ് ചെ‌‌യ്‌‌തു. ഒടുവിൽ മുഖ്യമന്ത്രി പറഞ്ഞു ‘ഇതൊക്കെ നമ്മുടെ തലത്തിൽ തീരുമാനമെടുക്കുന്നതാണ്. ഇത് സ്വന്തം ജീവിതത്തിൽ നടപ്പാക്കേണ്ട ജനങ്ങളുമായി ആശയ വിനിമയം നടത്തണം.’ ഇത് പ്രസിദ്ധീകരിച്ച് ജനങ്ങളുടെ അഭിപ്രായം തേടിയിട്ടുണ്ടെന്ന് സെക്രട്ടറി അറിയിച്ചു. അതു പോരാ, ഇപ്പോൾ നടക്കുന്ന ഗ്രാമസഭകളിൽ ഇക്കാര്യങ്ങൾ ചർച്ച ചെയ്ത്, അവർതന്നെ അവർക്കുള്ള പദ്ധതികൾക്കു രൂപം നൽകട്ടെ എന്ന തീരുമാനത്തിലേക്കെത്തി.ആ ഗ്രാമസഭയ്‌‌ക്കു നൽകിയ പേരുതന്നെ ‘നമ്മൾ നമുക്കായി’ എന്നതാണ്.

2020 ഫെബ്രുവരിയിൽ നടന്ന ഗ്രാമസഭകളിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കു പ്രത്യേക പ്ലാൻ ഉണ്ടാക്കുകയും ചെയ്‌‌തു. ലോകത്തുതന്നെ ജനകീയപങ്കാളിത്തത്തോടെ ദുരന്തപ്രതിരോധപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്‌‌തു നടപ്പിലാക്കുന്നത് ഇവിടെയായിരിക്കും. മറ്റുളളവരെ കേൾക്കാൻ ഇഷ്ടമില്ലായെന്നു ചിത്രീകരിക്കപ്പെട്ടിരുന്ന ഒരാളാണ് ജനങ്ങളെ കേൾക്കണമെന്നു പറഞ്ഞത്. ഈ പദ്ധതിയുടെ പ്രചാരണപ്രവർത്തനങ്ങളിലും പ്രവർത്തിക്കാൻ എനിക്ക് അവസരം ലഭിച്ചിരുന്നു.

ലോക്ക്ഡൗൺ കാലത്ത് ആദ്യ ആഴ്ചയിൽ ചേർന്ന യോഗത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടത് ‘ആൾക്കൂട്ടങ്ങൾ ഇല്ലാതാകുമ്പോൾ തൊഴിൽ നഷ്ടപ്പെടുന്നവർ ആരൊക്കെയെന്ന് കണക്കാക്കണ’മെന്നാണ്.

  • വഴിയോരക്കച്ചവടക്കാർ, കലാപ്രവർത്തകർ, ടൂറിസം രംഗത്തുളളവർ, മോട്ടോർ വാഹനത്തൊഴിലാളികൾ, അന്യസംസ്ഥാനത്തൊഴിലാളികൾ എന്നിങ്ങനെ ലിസ്റ്റ് ചെയ്യപ്പെട്ടു. ഇവരെയെല്ലാവരെയും ഒരുമിച്ചു സഹായിക്കാൻ ഒരു പദ്ധതി ഉണ്ടാക്കുവാൻ കഴിഞ്ഞില്ല. ഒടുവിൽ കണ്ടെത്തിയ മാർഗ്ഗമാണ് പട്ടിണിയില്ലാതെ നോക്കാൻ ‘പലവ്യഞ്ജനക്കിറ്റ്’ കൊടുക്കുകയെന്നത്. ഒപ്പം ഇതരസംസ്ഥാനതൊഴിലാളികൾക്കു ഭക്ഷണം കൊടുക്കുക എന്നതും. ‘കമ്മ്യൂണിറ്റി കിച്ചൻ’ എന്ന ആശയമാണ് കോവിഡ് പ്രതിരോധരംഗത്ത് ഗ്രാമീണജനങ്ങളിൽ ആത്മവിശ്വാസം പകർന്നത്.

യഥാർത്ഥത്തിൽ പിണറായി വിജയൻ മാറിയോ എന്നെനിക്കറിയില്ല. എന്നാൽ പിണറായി വിജയനു ചാർത്തിക്കൊടുത്ത വിശേഷണങ്ങൾ തന്നെയാണ് മികച്ച മുഖ്യമന്ത്രിയാകാൻ അദ്ദേഹത്തിനു തുണയായത്.

Spread the love