“..കവിയായ ചെറുപ്പക്കാരന് ഒരു ചായ കൊടുക്കണം എന്ന് അമ്മയോടു പറയാൻ എനിക്ക് ധൈര്യം കിട്ടിയില്ല .സ്വന്തമായി വരുമാനമില്ലാത്ത ഒരാൾക്ക് ഈ ഭൂമിയിൽ നിന്ന് ഏറ്റവും അധികമായി കിട്ടുന്ന അനുഭവം ആത്മനിന്ദ തന്നെയാണ് “.എൻ.പ്രഭാകരന്റെ ‘ഒരു മലയാളി ഭ്രാന്തന്റെ ഡയറി’യിലെ ആഖ്യാതാവ് വഴിയിൽ വെച്ച് കണ്ട കവിയ്‌ക്കൊപ്പം വീട്ടിലെത്തിയപ്പോൾ ഉണ്ടായ മനസികാനുഭവമാണ് ഇത് . നിന്ദ , ആത്മനിന്ദ , നാണം , നാണക്കേട് ഒക്കെ അനുഭവിക്കാത്തവർ വളരെ കുറവായിരിക്കും. എല്ലാം തികഞ്ഞവരും പ്രായം കൂടുമ്പോൾ പ്രായത്തിന്റെ പേരിൽ അതനുഭവിക്കും . നോക്കൂ സീരിയലുകാരി എന്നതിന്റെ കൂടെ അറുപതുകാരി എന്നത് എത്ര പെട്ടെന്നാണ് ഒരു അധിക്ഷേപ വാക്കായത് !
 
കേരളീയ ചിന്ത ഉണ്ടോ എന്നതിൽ ഒട്ടും കുറയാത്ത ദാർശനിക പ്രശ്നമാണ് മലയാളി ഭ്രാന്ത് ഉണ്ടോ എന്നതും . ഭ്രാന്ത് , യുക്തി എന്നത് പോലെ യൂണിവേഴ്‌സൽ ആണോ ? എൻ.പ്രഭാകരന്റെ നോവൽ തുടങ്ങുന്നത് തന്നെ ഈ സമസ്യയുന്നയിച്ചു കൊണ്ടാണ് : “ഹഹഹാ ..ഞാൻ എന്റെ ഡയറിക്ക് നൽകിയ പേരു നോക്കൂ . ഒരു മലയാളി ഭ്രാന്തന്റെ ഡയറി . ഹഹഹാ …മലയാളത്തിൽ ഡയറി എഴുതാൻ മലയാളി ഭ്രാന്തനല്ലേ കഴിയൂ .വായിക്കുന്ന നിങ്ങളും ഒരു മലയാളി ആയല്ലേ പറ്റൂ .”
 
 
യുക്തിക്ക് ഭ്രാന്ത് കൂടാതെ നിലനിൽപ്പ് ദുഷ്കരമാണ് . നവോത്ഥാന  മുദ്രാവാക്യങ്ങളിൽ ‘ഭ്രാന്ത്’ ആവർത്തിച്ച്  പ്രത്യക്ഷപ്പെടുന്നത് തീത്തും യാദൃച്ഛികമായി ആവണമെന്നില്ല . മതേതര -ആധുനികതയ്ക്ക് ഒരു ആധുനിക പൂർവ അപരം വേണം . അത് മതഭ്രാന്ത് എന്ന പ്രയോഗത്തിലൂടെ എളുപ്പം കിട്ടും .മതഭ്രാന്തൻ എന്ന പരികല്പനയെക്കുറിച്ച് എം.ടി.അൻസാരി നിരീക്ഷിച്ചിട്ടുള്ള കാര്യങ്ങൾ ഇവിടെ സംഗതമാണ് . ആവശ്യത്തിലധികം മതപരത കാണിക്കുന്നയാൾ എന്നാണ് മതഭ്രാന്തൻ (fanatic )നിർവചിക്കപ്പെടുന്നത് . അതിൽ നിന്ന് മത മൗലികവാദിയിലേക്കും (fundamentalist ) ഭീകരവാദിയിലേക്കും (terrorist) വലിയ ദൂരമില്ല .ഭീകരവാദികളെതടവിലാക്കാനോ കൊല്ലാനോ മാത്രമേ കഴിയൂ . സെക്കുലർ ആധുനികതയുടെ അപരം എന്ന നിലയ്ക്ക് ഈ രൂപകങ്ങൾ സമകാല സംസാരങ്ങളിൽ അനിവാര്യമായി മാറുന്നത് ഇങ്ങനെയാണ് . കേരളം വീണ്ടും ഭ്രാന്താലയമാക്കാൻ സമ്മതിക്കില്ല എന്ന്  മുദ്രാവാക്യം വിളിക്കുമ്പോൾ പണ്ടേ ചോദിക്കേണ്ട ഒരു ചോദ്യം കടമായി ബാക്കിയുണ്ട് . ഭ്രാന്താലയത്തിനെത്താ കുഴപ്പം ? ഒരു ആശുപത്രി അല്ലേ  അത് ? ആശുപത്രി മനുഷ്യർക്ക് ഒഴിവാക്കാനാവാത്തതും അനിവാര്യവുമായ സ്ഥാപനമല്ലേ ? മനുഷ്യോചിതമായി പെരുമാറേണ്ട ഒരു സ്ഥലം ?
 
ഭ്രാന്താലയം എന്തു തരം സ്ഥാപനമാണ് എന്നതിനെപ്പറ്റി പലരും പഠിച്ചിട്ടുണ്ട് . അക്കൂട്ടത്തിൽ ശ്രദ്ധേയമായ ഒരു പഠനമാണ് ഇർവിങ് ഗോഫ് മാൻ എഴുതിയ ‘അസയ് ലംസ്  ‘ എന്ന കൃതി . വാഷിംഗ്‌ടൺ ഡി.സിയിലെ ഒരു ആശുപത്രിയിൽ ഒരു വർഷക്കാലം പഠനം നടത്തിയിട്ടാണ് അദ്ദേഹം ആ പുസ്തകം രചിച്ചത് . പക്ഷെ ഒരു സ്ഥാപനത്തെക്കുറിച്ചുള്ള സവിശേഷപഠനം എന്നതിനേക്കാൾ എന്താണ് ഒരു സമ്പൂർണ -സ്ഥാപനം (total institution )എന്നത് സംബന്ധിച്ച ഒരന്വേഷണമായാണ് അത് വികസിക്കുന്നത് .സിവിൽ സമൂഹത്തിൽ നിന്ന് മാറി ഒരു കൂട്ടം ആളുകൾ ഒരുമിച്ച് താമസിക്കുന്ന സ്ഥാപനമാണ് സമ്പൂർണ സ്ഥാപനം . ജോലി , ഉറക്കം , വിനോദം എന്നിവ സംബന്ധിച്ച സ്ഥലപരവും സമയ സംബന്ധവുമായ വ്യതിരിക്തതകൾ അവിടെ ഇല്ലാതാക്കപ്പെടുന്നു . എല്ലാം ടൈംടേബിൾ വെച്ച് നിജപ്പെടുത്തുന്നു . വസ്ത്രം അലക്കുക എന്നത് വീട്ടിലേത് പോലെ അല്ല ഭ്രാന്താലയത്തിൽ . ഈയിടെ ഹിറ്റായ റിയാലിറ്റി ഷോയിൽ ആൾക്കാർ മാസങ്ങളോളം ഇത് പോലെ സൃഷ്ടിക്കപ്പെട്ട സമ്പൂർണ സ്ഥാപനത്തിൽ താമസിക്കുന്നതായിരുന്നു  കാണിച്ചത് എന്നോർക്കുക . ഇങ്ങനെയുള്ള ജീവിതത്തിനു എതിർ നിർത്താവുന്നത് പുറത്തെ ‘കുടുംബ ജീവിത’ മാണ്. സമ്പൂർണ സ്ഥാപനങ്ങളിൽ കടക്കുമ്പോൾ തന്നെ , അന്തേവാസിയായി മാറുമ്പോൾ തന്നെ പൗര ജീവിതം അവസാനിക്കുന്നു .വസ്ത്രം അലക്കുന്നത് മാത്രമല്ല , എല്ലാം കർക്കശമായ ചിട്ടകൾക്ക് കീഴ്പ്പെടുത്തുന്നു . സമ്പൂർണതാ വാഞ്ഛയുള്ള അധ്യാപകർ എപ്പോഴും ആഗ്രഹിക്കുന്നത് നൂറു ശതമാനം  ഡിസിപ്ലിൻ ആണ് എന്നത് യാദൃച്ഛികമല്ല . ജെയിലോ ഭ്രാന്താലയമോ ആവണം വിദ്യാലയങ്ങളുടെ മാതൃക .  എല്ലാ ആലയങ്ങളിലെയും ജീവനക്കാർക്ക് അവരുടെ തൊഴിലിന്റെ ഉൽപ്പന്നവും ഇരകളുമാണ് അവിടുത്തെ അന്തേവാസികൾ .
 
മനോരോഗി എന്നതിനെ ഭ്രാന്താലയത്തിൽ പ്രവേശിപ്പിക്കപ്പെട്ട ആൾ എന്ന നിർവചിത അർത്ഥത്തിലാണ് ഗോഫ് മാൻ എടുക്കുന്നത് . മനുഷ്യ സാധ്യതകളെ പരിമിതപ്പെടുത്തുന്ന അടഞ്ഞ ലോകമായി നിൽക്കുന്ന അത്തരം സ്ഥാപനങ്ങൾ  ഇല്ലാതാവണം എന്നാണ്  അദ്ദേഹം ആഗ്രഹിച്ചത് . എല്ലാവരും സമൂഹത്തിൽ പുനർ പ്രവേശിക്കുന്ന തരം സാദ്ധ്യതകൾ ആണ് ഗോഫ് മാനും ആന്റി -സൈക്യാട്രി മൂവ് മെന്റിനു നേതൃത്വം കൊടുത്ത മറ്റു ചിന്തകരും ആരാഞ്ഞത് . നാട്ടു -നടപ്പുകൾ ലംഘിക്കുമ്പോഴാണ് കുഴപ്പങ്ങൾ ഉണ്ടാവുന്നത് . ഇത്തരം നടപ്പുകൾ (norms ) വഴി നിലനിൽക്കുന്ന ബന്ധശൃംഖലകൾ തകരുമ്പോൾ അത് പുനഃസ്ഥാപിക്കപ്പെടണം .ജീവ ശാസ്ത്രപരം മാത്രമല്ലാത്ത ഒട്ടേറെ പ്രഭവങ്ങൾ മനോരോഗത്തിനുണ്ട് . അതിന്റെ ചികിത്സ അതു കൊണ്ടു തന്നെ അത്യന്തം ദുഷ്കരമാണ് . അനുഭവത്തിലെ ആത്മനിന്ദയെപ്പറ്റി അറിയാൻ ബന്ധങ്ങളെപ്പറ്റി പഠിക്കണം . വ്യത്യാസങ്ങൾ എങ്ങനെ വ്യതിയാനങ്ങളായി മാറുന്നു എന്നത് പരിശോധിക്കണം . ക്രമത്തെ അലോസരപ്പെടുത്തുന്ന സാമൂഹ്യവിഭാഗങ്ങൾ എല്ലാം വഴി പിഴച്ചവരായാണ് വീക്ഷിക്കപ്പെടുന്നത് .
 
ലൈംഗിക തൊഴിലാളികൾ ആയാലും  മത ന്യൂനപക്ഷം ആയാലും ലൈംഗിക ന്യൂന പക്ഷം ആയാലും കുറ്റവാളികൾ ആയാലും നിരന്തരമായ ആത്മനിന്ദയ്ക്ക് വിധേയരാണ് . സാധാരണം / വഴി പിഴച്ചവർ എന്ന ഈ വേർതിരിവ് വ്യക്തികളെ സംബന്ധിക്കുന്നതല്ല ; കാഴ്ചപ്പാടിനെ സംബന്ധിക്കുന്നതാണ് . സാധാരണ മട്ടങ്ങളിൽ (norms )നിന്ന് വ്യതിചലിക്കുന്ന എല്ലാവരും പിഴച്ചവരാകും . നാണം കെടുത്തുന്നതിലൂടെ മനുഷ്യത്വമാണ് നിഷേധിക്കപ്പെടുന്നത് . അവർ എന്തെങ്കിലും –കുറ്റകൃത്യം –ചെയ്യും മുമ്പ് തന്നെ അത് ചെയ്യാൻ പോവുന്നവരായി കാണപ്പെടുന്നു എന്ന് മിഷേൽ ഫൂക്കോ ഇതേക്കുറിച്ച് പറയുന്നുണ്ട് . വിധിക്കപ്പെടുന്നത് ചെയ്തികളല്ല , നിങ്ങളുടെ ജീവിതം ചട്ടങ്ങൾക്ക് അനുരൂപമാണോ അല്ലയോ , നോർമലാണോ അല്ലയോ, എന്നതാണ് . എന്തെങ്കിലും ചെയ്തതിന്റെ പേരിലല്ല ഒരാൾ അപകടകാരി ആവുന്നത് . ചെയ്യാനുള്ള സാധ്യത മുൻ നിർത്തിയാണ് . ജീവിതം തന്നെയാണ് പ്രശ്നം , ചെയ്തികളല്ല എന്നർത്ഥം . കുറ്റവാസന എന്ന വാക്ക് തന്നെ നോക്കൂ . വാസന , ചോദന തുടങ്ങി കുറെ ബന്ധങ്ങൾ സൃഷ്ടി ച്ചിരിക്കുകയാണ് ആധുനിക വിജ്ഞാനങ്ങൾ .
 
വ്യത്യസ്തമായതെന്തും ഭ്രാന്തായി കാണുന്ന ശീലം കുടഞ്ഞു കളയാതെ ഭ്രാന്ത് എന്ന സവിശേഷ പ്രശ്നത്തെ അഭിമുഖീകരിക്കാൻ നമുക്കാവില്ല . ഭ്രാന്ത് രൂപകാത്മകമായല്ലാതെ സവിശേഷമായി പ്രശ്നവിഷയമാക്കുന്ന ഇടപെടലുകൾ ചെറിയ തോതിൽ ഇവിടെയുണ്ടായിട്ടുണ്ട് .കമ്മ്യുണിറ്റി മെഡിസിൻ എന്ന നിലയ്ക്കും ഭ്രാന്താശുപത്രി പരിഷ്കരണ ശ്രമങ്ങളായും ഒക്കെ . സുന്ദർ ദശകങ്ങൾക്ക് മുമ്പ് എഴുതിയ പുസ്തകത്തിന് അദ്ദേഹം മരിക്കും മുമ്പ് ഒരു പുതിയ പതിപ്പ് വന്നു . ഇന്നും പക്ഷെ കേരളത്തിലെ ഭ്രാന്താശുപത്രികളിൽ രോഗം ഭേദമായവർ ( ബന്ധുക്കളാൽ ഉപേക്ഷിക്കപ്പെട്ട്  ) ആണ് ഭൂരിഭാഗവും എന്നാണ് അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത് . ഭ്രാന്ത്ഭീതിയും ഭ്രാന്താലയഭീതിയും ഇല്ലാതെ ഒരായിരം മുൻകയ്യുകൾ ആവശ്യമുള്ള സമൂഹമാണ് നമ്മുടേത് .
 
തികച്ചും വ്യക്തിപരമായി പറഞ്ഞാൽ കുടുംബ – സുഹൃത് വൃത്തങ്ങളിൽ ഇടപെടലുകൾ ആവശ്യമായി വന്നപ്പോൾ മറ്റെല്ലാവരെയും കാൾ നിസ്സഹായനും നിരക്ഷരനും ആണ് എന്ന സ്വയം ബോധ്യമാണ് എനിക്കുണ്ടായത് . വേണം നമുക്കും ഒരു രാഷ്ട്രീയ മുന്നേറ്റം , മനോരോഗ -അവകാശങ്ങൾക്കായി ! ഇങ്ങനെ പറഞ്ഞു വെക്കാനല്ലാതെ എവിടെ തുടങ്ങും എന്നത് സംബന്ധിച്ച് യാതൊരു സൂചനയും എനിക്കും ഇല്ല. ഈയിടെ ഷൗക്കത്തിനെ കണ്ണൂരു വെച്ച് പരിചയപ്പെട്ടപ്പോൾ  ഇക്കാര്യം സൂചിപ്പിച്ചു . കേരളത്തിൽ ഇപ്പോൾ മുൻഗണന അർഹിക്കുന്ന ഒന്നാണ് ഇതെന്ന് സ്വന്തം അനുഭവങ്ങൾ മുൻ നിർത്തി അദ്ദേഹവും പറഞ്ഞു . നിത്യ ചൈതന്യ യതിയുടെ പല ഇടപെടലുകളും ആത്മനിന്ദ കൂടാതെ സേവനം തേടാൻ പലരെയും സഹായിച്ചു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് .
 
എം.എൻ.വിജയനും സാഹിത്യത്തിൽ മാത്രമൊതുങ്ങുന്ന സേവനമല്ല ചെയ്തത് എന്നത് രഹസ്യമല്ല . ഗുരുകുലത്തിനുള്ള സാമൂഹ്യ സ്വീകാര്യതയും വിജയൻ മാഷിന്റെ സമ്മാന്യതയും  ഇതിൽ പങ്കു വഹിച്ചിട്ടുണ്ടാവാം. പഞ്ചായത്തുകൾ തോറും ആവശ്യമുള്ള ഒരു സേവനത്തിന്റെ കാര്യത്തിൽ എവിടെ നിന്ന് ആര് തുടങ്ങും എന്നത്  വ്യക്തമല്ല. പകൽ വീടുകൾ ? പ്രത്യേക ശ്രദ്ധയ്ക്കായുള്ള സ്ഥലങ്ങൾ ?  എന്നേക്കാൾ വ്യക്തതയുള്ള ഗവേഷകരുടെയും സാമൂഹ്യ സേവകരുടെയും വിദഗ്ധരുടെയും ശബ്ദങ്ങൾക്കായി കാതോർക്കുന്നു .
 
വിവേകാനന്ദൻ അങ്ങനെ വിളിച്ചോ ഇല്ലയോ എന്ന തർക്കം നിൽക്കട്ടെ . ഭ്രാന്താലയം അല്ലാതെ ആവാനും സാമൂഹ്യമായി ഒരു വിഭാഗത്തിനും ആത്മനിന്ദയ്ക്ക് ഇടയില്ലാത്ത വിധം പരസ്പരം ഇടപെടാൻ സജ്ജമായ ജനതയായി സ്വയം മാറാനും ഇനിയും നമ്മൾ ഏറെ പണി എടുക്കേണ്ടതുണ്ട് . അതിന് വ്യത്യാസങ്ങളോടുള്ള അസഹിഷ്ണുത ആദ്യമേ അവസാനിപ്പിക്കണം . നവോത്ഥാന മുദ്രാവാക്യങ്ങളടക്കം തിരുത്തണം. സാമൂഹിക – ആരോഗ്യ – രാഷ്ട്രീയ പ്രവർത്തകർ കൈകോർക്കണം .
 
*
 

(വൈകാരികവും മനശ്ശാസ്ത്രപരവുമായ വിഷമങ്ങളുള്ളവരെ , ;മനോരോഗി’ എന്നു കരുതപ്പെടുന്നവരെ, ചികില്സിക്കുന്നതിൽ ബിയോമെഡിക്കൽ മോഡലിനുള്ള പ്രാമാണികത ചോദ്യം ചെയ്യപ്പെടണമെന്നു കരുതുന്ന കൂട്ടായ്മകൾ ഇന്നുണ്ട്  . ഭ്രാന്തരെ   മാനേജ് ചെയ്യുക എന്ന കൊളോണിയൽ സമീപനമാണ് ആ മോഡലിനു  പുറകിൽ എന്നവർ ചൂണ്ടിക്കാണിക്കുന്നു .മനോരോഗത്തെയും മാനസികാരോഗ്യത്തെയും കുറിച്ചുള്ള ധാരണകളും  ആഖ്യാനങ്ങളും  എങ്ങനെ മാറ്റിത്തീർക്കാം എന്നതാണ് വെല്ലുവിളി . ഇതിനു പക്ഷെ ഒറ്റമൂലി , ഒറ്റ ആഖ്യാനം, ഒന്നും ഇല്ല . . 

 
മനോ – സാമൂഹിക ഭിന്നതയെക്കുറിച്ചുള്ള സന്ദർഭനിഷ്ഠമായ അനുഭവാഖ്യാനങ്ങളുടെ ഒരു സംഭരണി എന്ന നിലയ്ക്ക് ഭാവന ചെയ്യപ്പെട്ട ഒരു ഇടം ആണ്  https://madinasia.org/. ഈ കുറിപ്പിന്റെ ആദ്യ ഡ്രാഫ്റ്റ് അയച്ചപ്പോൾ ഈ ജേണലിന്റെ ഫൗണ്ടിങ് എഡിറ്റർ കൂടിയായ ജയശ്രീ കളത്തിൽ ആണ് ലിങ്ക് അയച്ചു തന്നത് . ജയശ്രീ തന്നെയാണ് എൻ.പ്രഭാകരന്റെ ‘ഒരു മലയാളി ഭ്രാന്തന്റെ ഡയറി ‘ ഇംഗ്ളീഷിലേക്ക് തർജ്ജുമ ചെയ്തിട്ടുള്ളതും.)

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

 
 
 
Read Also  മൃണാൾ സെൻ ; ചലച്ചിത്രങ്ങളിലൂടെ മാനവികത വീണ്ടെടുത്ത കമ്യൂണിസ്റ്റ്

LEAVE A REPLY

Please enter your comment!
Please enter your name here