ഗാന്ധിജയന്തി ദിനത്തിലെ മാതൃഭൂമിയിൽ ആർ.എസ്.എസ് തലവൻ ‌ മോഹൻ ഭാഗവതിന്റെ ലേഖനം കണ്ടു ഞെട്ടിയവരുടെ കൂട്ടത്തിൽ ഞാനില്ല. ഇപ്പോൾ താമസിക്കുന്നത് ചെന്നൈയിലായതിനാൽ തമിഴന്റെ പതിവു പരിഹാസഭാഷണമായ “ഇത് ഉങ്കളുക്കേ കൊഞ്ചം ഓവറാ തെരിയലേ?” എന്നൊരു തോന്നലാണ് മനസ്സിലോടിയത്. പിറ്റേദിവസം അതേ പത്രത്തിൽത്തന്നെ എ.കെ ആന്റണി, രമേഷ് ചെന്നിത്തല, കാനം രാജേന്ദ്രൻ, സീതാറാം യെച്ചൂരി, പിണറായി വിജയൻ എന്നിവരുടെ പ്രതികരണങ്ങൾ മറുകുറിപ്പായി കണ്ടതോടെ സകലതും കമ്പോളത്തിലെ കളികളാണെന്ന് ബോധ്യവുമായി. സംഗതി മാതൃഭൂമിയുടെ കാര്യമോർത്താൽ കൗതുകമാണ്.

മുസ്ലീംസ്ത്രീകളുടെ വ്യക്തിനിയമത്തിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചു കമാൽ‌പാഷ നടത്തിയ പ്രസംഗം പ്രസിദ്ധീകരിച്ചതിന്റെ പേരിൽ പ്രവാചകനിന്ദയെന്ന ആരോപണം നേരിടുകയും ‌, പത്രക്കെട്ടുകൾ വ്യാപകമായി തീയിടുകയും, ഏജന്റുമാരെ ഭീഷണിപ്പെടുത്തുകയും, ഓഫീസുകൾ തല്ലിത്തകർക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടായി. മഹല്ലുകമ്മറ്റികൾ പരസ്യമായ ബഹിഷ്‌ക്കരണാഹ്വാനങ്ങൾ നടത്തി. ഒടുക്കം മാപ്പുപറഞ്ഞ് രക്ഷപ്പെടേണ്ട ഗതികേടാണുണ്ടായത്. എം.എം ബഷീർ മാഷുടെ രാമായണം ജീവിതസാരാമൃതമെന്ന ലേഖനപരമ്പരയുടെ പ്രസിദ്ധീകരണം നിർത്തിവെക്കേണ്ടി വന്നത് ‌സംഘപരിവാർ സംഘടനകളുടെ ഭീഷണിയെത്തുടർന്നായിരുന്നു.

ടെലഫോൺ വഴി ഭീഷണികളിൽ നിന്നു തുടങ്ങി ഹനുമാൻസേനാപ്രവർത്തകർ ഓഫീസുകയറി ആക്രമിക്കുന്നതുവരെയെത്തി കാര്യങ്ങൾ. അപ്പോഴാണ് ആവിഷ്ക്കാര സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ‌ചർച്ചകൾ നേരിയതായെങ്കിലും ഉയർന്നു തുടങ്ങുന്നത്. വ്യക്തിപരമായ രാഷ്ട്രീയ നിലപാടിന്റെ പേരിൽ പ്രഭാവര്‍മ്മയുടെ കാവ്യപരമ്പര സമകാലികമലയാളത്തിൽ നിന്ന് ഒഴിവാക്കിയതൊക്കെ ആ സമയത്ത് ‌വീണ്ടുമുയർന്ന് ചർച്ചയായി. അങ്ങേപ്പുറത്ത് ‌മനോരമയും സമാനമായ അവസ്ഥയിലൂടെ കടന്നുപോയിരുന്നു. മാതൃഭൂമിയിൽ പത്രവാർത്തകളും കുറിപ്പുകളുമായിരുന്നെങ്കിൽ മനോരമയെ സംബന്ധിച്ചിടത്തോളം ‌ഭാഷാപോഷിണിയായിരുന്നു തലവേദന. ക്രിസ്തുവിന്റെ അന്ത്യാത്താഴത്തെ അവഹേളിക്കുന്ന ‌ചിത്രം ‌ടോം വട്ടക്കുഴി വരച്ചെന്ന ആരോപണത്തെ തുടർന്നും പ്രശ്നങ്ങളുണ്ടായി. അച്ചടിച്ച മാസിക പിൻവലിച്ചുകൊണ്ട് ‌മാനേജുമെന്റിന് ഖേദം പ്രകടിപ്പിക്കേണ്ടിവന്നു. അതൊന്നൊഴിയുമ്പോഴേക്കും അടുത്തത് റിയാസ് ‌കോമുവിന്റെ വിള്ളലുള്ള നാരായണഗുരുപ്രതിമ ‌കവർചിത്രമായത് ‌വിവാദമായി. കത്തിക്കലും ബഹിഷ്ക്കരണവും പ്രതിഷേധവുമൊക്കെ ‌മുറയ്ക്കു നടന്നു. ഒടുക്കം എഡിറ്റോറിയൽ ഡയറക്ടർ ‌എസ്.എന്‍.ഡി.പി യോഗ നേതൃത്വത്തോട് നേരിട്ട് ഖേദം പ്രകടിപ്പിക്കുകയും, മാപ്പു പറയുകയും ചെയ്തു.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ‘ഹിന്ദു ഉണർന്ന’ സമയത്താണ് ‌മാതൃഭൂമി ആഴ്ചപ്പതിപ്പിൽ മീശയെന്ന നോവൽ വരുന്നത്. അതിനെത്തുടർന്നുള്ള കോലാഹലങ്ങളും പ്രതിഷേധങ്ങളും പരസ്യംതടയലും ബഹിഷ്ക്കരണങ്ങളും കേരളമാകെ ‌വിവാദം സൃഷ്ടിച്ചു. എഡിറ്റോറിയൽ പാനലിലെ സ്ഥാനചലനങ്ങളും എൻ.എസ്.എസ് നേതൃത്വത്തോടുള്ള ഖേദപ്രകടനവും വരെയെത്തി കാര്യങ്ങൾ. ‌മത-സാമുദായിക-മൗലികവാദികൾ ഇത്രമാത്രം അഴിഞ്ഞാടിയ സംഭവങ്ങളും, പരിഹാരത്തിനായി അവർക്കു വിധേയമായി നിന്ന പ്രസിദ്ധീകരണങ്ങളുടെ നിലപാടുകളുമൊക്കെ കണ്ടുകഴിഞ്ഞയവസ്ഥയിൽ മോഹൻഭാഗവതിന്റെ ലേഖനം വായിച്ചു ‌ഞെട്ടണമെങ്കിൽ ‌വല്ല ഞെട്ടുവാതവും ഉണ്ടാകണം.

ഞാനുൾപ്പെടെയുള്ള ഓൺലൈൻ പ്രതിഷേധക്കാരിൽ എത്രപേർ ദിനപ്പത്രങ്ങൾ പ്രിന്റ് കോപ്പി ‌വരുത്തി വായിക്കുന്നുണ്ടെന്നത് മറ്റൊരു വിഷയമാണ്. അതുകൊണ്ട് ഇ-മീഡിയയിലെ ‌സെക്കുലാർ- ന്യൂനപക്ഷ പ്രതിഷേധം ‌പത്രങ്ങൾക്കും പരസ്യദാതാക്കൾക്കും വലിയ വിഷയമൊന്നുമല്ല. ഇനി പറയുന്നത്, ഇന്ന വാരികയിൽ ഇനിയുമെഴുതുമോ? മറ്റേ ആഴ്ചപ്പതിപ്പ് ‌ബഹിഷ്ക്കരിച്ചുകൂടേ എന്നീ ചോദ്യങ്ങളോടാണ്. മലയാളഭാഷയിലെഴുതുന്നവർ അത്ര മണ്ടന്മാരൊന്നുമല്ല, കേരളത്തിലെ വാർത്താമാധ്യമങ്ങളുടെയും സാഹിത്യ പ്രസിദ്ധീകരണങ്ങളുടേയും രാഷ്ട്രീയനിലപാടുകൾ തിരിച്ചറിഞ്ഞുകൊണ്ട് തന്നെയാണ് ഓരോരുത്തതും എഴുതുന്നതെന്നാണ് ഞാൻ ‌വിശ്വസിക്കുന്നത് . മാധ്യമത്തിന്റെ ‌ജമാഅത്ത് ‌‌ബന്ധവും, ‌മനോരമയുടെ ‌ക്രൈസ്തവസാമുദായികബന്ധങ്ങളും കോൺഗ്രസ് ‌ചായ്‌വും, മാതൃഭൂമിയുടെ രാഷ്ട്രീയനിലപാടുകളും ഹൈന്ദവസാമുദായികബന്ധങ്ങളും, സമകാലികമലയാളത്തിന്റെ മാനേജുമെന്റായ എക്സ്പ്രസിന്റെ ‌കോൺഗ്രസ് അനുകൂലനിലപാടുകളും, കലാകൗമുദിയുടെയും ദീപികയുടെയുമൊക്കെ മത-സാമുദായിക ബന്ധങ്ങളും ഒക്കെ തിരിച്ചറിഞ്ഞു തന്നെയാണ് ‌ഓരോന്നിലേക്കും എഴുതിക്കൊടുക്കുന്നത്‌. ‌

Read Also  ഹിന്ദുത്വമാതൃഭൂമിയിൽ ഇനി എഴുതില്ലെന്നു അൻവർ അലി

രാഷ്ട്രീയപരമായ വിയോജിപ്പുകൾ പൂർണ്ണമായും മാറ്റിവെച്ചുകൊണ്ട് എഴുതാവുന്ന ഒരു ഇടവും ഇവിടെയില്ലെന്നതാണ് വാസ്തവം. വിവിധ സാഹിത്യപ്രസിദ്ധീകരണങ്ങളിൽ എഴുതുമ്പോൾത്തന്നെ അവയുടെ രാഷ്ട്രീയനിലപാടുകളോടുള്ള വിയോജിപ്പുകൾ പരസ്യമായി പ്രകടിപ്പിക്കാൻ മടികാണിക്കാറുമില്ല. പ്രത്യേകിച്ചൊരു വാരിക വളർത്തിക്കൊണ്ടുവന്ന എഴുത്തുകാരനാണ് ‌ഞാനെന്ന് ‌സ്വയം കരുതുന്നില്ല. ‌പലതിലും പലപ്പോഴുമായി എഴുതാറുണ്ട്, അതൊക്കെ അവനവൻ ബോധ്യത്തിന്റെ പുറത്താണ്. ‌ചിലവാരികകളുടെ പ്രത്യേകപതിപ്പുകൾ പുരസ്ക്കാരവും സമ്മാനങ്ങളും കൊടുത്തുകൊണ്ട് കൗമാരക്കാരായ പുതിയ‌ എഴുത്തുകാരെ കണ്ടെത്തുമ്പോൾ, അതിൽ നിന്നൊഴിഞ്ഞുമാറി അക്കാലത്ത് ഞാൻ നൃത്തം അഭ്യസിക്കുകയും ക്രിക്കറ്റ്‌ കളിക്കുകയുമായിരുന്നു. ശേഷം വ്യക്തിപരമായി രാഷ്ട്രീയബോധ്യങ്ങൾ ഉറച്ചശേഷമാണ് എഴുതിത്തുടങ്ങുന്നതും, പ്രസിദ്ധീകരിക്കുന്നതും. അതുകൊണ്ട് വിവിധ പ്രസിദ്ധീകരണങ്ങളുടെ ‌രാഷ്ട്രീയനയങ്ങൾ എന്താണേതേന്നുമൊക്കെ അറിഞ്ഞുകൊണ്ട് തന്നെയാണ് ഓരോന്നിലുമെഴുതുന്നത്.

അത്യാവശ്യം തിരക്കുള്ളൊരു ജോലിയും, കുടുംബപ്രാരാബ്ദങ്ങളുമൊക്കെ യുള്ളതുകൊണ്ട് ‌ജീവിതമാകെ സാഹിത്യ-രാഷ്ട്രീയ-കാര്യങ്ങൾക്കായി ഉഴിഞ്ഞുവെയ്ക്കാനുള്ള അവസ്ഥയില്ല, എഴുതിക്കൊണ്ട് ജീവിക്കാനുള്ള സാമ്പത്തികവരായ്‌കയില്ല, ജീവിതകാലമാകെ ‌വ്യവസ്ഥിതികളോടു പോരാടിക്കൊണ്ട് തീർക്കാനുള്ള കെൽപ്പുമില്ല എന്നതാണ് യാഥാർത്ഥ്യം. എം.ഗോവിന്ദനെപ്പോലെ സ്വന്തമായി ആനുകാലികങ്ങൾ ഇറക്കാനോ, ബഷീറിനെപ്പോലെ ‌സ്വന്തം പുസ്തകങ്ങൾ തലച്ചുമടായി കൊണ്ടു നടന്ന് വിൽക്കാനുള്ള ധിഷണയോ, ബൗദ്ധികതയോ, ആർജ്ജവമോ, ഊർജ്ജമോ, ബന്ധങ്ങളൊ ഒന്നും കൈമുതലായില്ല എന്നതാണ് വാസ്തവം. സമൂഹമാകെ മതപരമായും സാമുദായികമായും ധ്രുവീകരണത്തിന് ‌വിധേയമായൊരു കാലത്ത് ‌ന്യൂനപക്ഷമായാണ് ജീവിക്കുന്നതും എഴുതുന്നതുമെന്ന തിരിച്ചറിവുണ്ട്. കമ്പോളനീക്കങ്ങളും വിപണീനയങ്ങളും ഭൂരിപക്ഷത്തോടു ചേർന്നു നിൽക്കുന്നതാണെന്ന ധാരണയുമുണ്ട്. അതുകൊണ്ടു തന്നെ ജീവിതത്തിന്റെ ഓട്ടപ്പാച്ചിലിൽ നിന്ന് നീക്കിയിരിപ്പായി കിട്ടുന്ന ചുരുക്കം സമയത്ത് എന്തെഴുതണം, എന്തെഴുതരുത്, എവിടെ കൊടുക്കണം, എവിടെ കൊടുക്കരുത് എന്നീ തീരുമാനങ്ങൾ സ്വയമെടുക്കാനുള്ള ‌ബോധ്യമുണ്ട്, അതിന്റെ പേരിലുള്ള വിമർശങ്ങൾ നേരിടാനുള്ള ബാധ്യതയുമുണ്ട്‌ പക്ഷെ പൂർണ്ണമായും ആദർശനിഷ്ഠയിൽ(Idealism) നിന്നുകൊണ്ട്‌ എഴുതാനുള്ള വലിയസാഹചര്യമൊന്നും ഇവിടെയില്ലെന്നതാണ്‌ യാഥാർത്ഥ്യവും നിവൃത്തികേടും എന്നു പറയുമ്പോൾ അതിനെ ലളിതവത്ക്കരണത്തിന്റെ ചെലവിൽ എഴുതിത്തള്ളരുതെന്ന അഭ്യർത്ഥനയോടെ…

 

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here