അമ്പരപ്പിക്കുന്ന വേഗതയിൽ മലയാള കഥാസാഹിത്യം ശാഖോപശാഖകളായി പടർന്നുപന്തലിക്കുന്ന ആശാവഹമായ കാഴ്ചയിലൂടെയാണ് വായനക്കാർ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. മാറ്റൊലികളും, അനുകരണങ്ങളും, സൂകരപ്രസവങ്ങളും സംഭവിക്കാതെ ഗൗരവപൂർണ്ണമായ വളർച്ചയുണ്ടായാൽ മലയാളസാഹിത്യത്തിന് എക്കാലത്തും അഭിമാനിക്കാൻ വകയുണ്ടാകും. പ്രതീക്ഷ നൽകുന്ന ചില രചനകൾ ഇന്ന് പരിചയപ്പെടാം.

ശ്വാസഗതി (മാധ്യമം)

ശ്രീ.ജേക്കബ് എബ്രഹാമിന്റെ ‘ശ്വാസഗതി’ പ്രമേയത്തിന്റെ പശ്ചാത്തലംകൊണ്ട് തികച്ചും വേറിട്ടു നിന്ന് വായനക്കാരെ സ്വാന്തനിരീക്ഷണങ്ങളിലേക്ക് മായാജാലത്തിലെ ന്നോണം തളളിയിടുന്ന കഥയാണ്.

ചിലതങ്ങനെയാണ് – തടസ്സങ്ങൾ വരുമ്പോൾമാത്രമേ സാന്നിദ്ധ്യമോർക്കപ്പെടൂ. ചിലത് ചൂണ്ടിക്കാണിച്ചാൽമാത്രമേ നാം കണ്ടെത്തുകയുള്ളൂ. അത്തരത്തിൽ രണ്ടെന്നു ചൊല്ലാനാവാത്ത വിധം നമ്മളിൽ ഇഴുകിയിരിക്കുന്ന ഒന്നിന്റെ മഹത്വം സാക്ഷ്യപ്പെടുത്തുന്ന കണ്ണാടിയാവുകയാണിവിടെ ‘ശ്വാസഗതി’ എന്ന കഥ.മീരയെന്ന ഒരു സാധാരണ വീട്ടമ്മ തന്നേയും തന്റെ പരിസരത്തേയും തിരിച്ചറിയുന്ന നിരീക്ഷണത്തിലേക്ക് ഔദ്ധത്യം പ്രാപിക്കുന്നതിന്റെ നേർസാക്ഷ്യമാണ് കഥയെന്നു പറയാം.

ആണധികാരത്തിന്റെ അടിച്ചേൽപ്പിക്കലുകളിൽ പെണ്ണരികു വൽക്കരണം പുഷ്ടിപ്പെട്ടതെങ്ങനെയെന്നും, പൊതുധാരയിലേക്ക് മാറ്റാൻ ‘അവളവളെ’ എങ്ങനെയാണ് പരിഷ്കരിക്കേണ്ടതെന്നും അനായാസമായി, ലളിതമായി ബോദ്ധ്യപ്പെടുത്തുന്ന കഥാഖ്യാനമെന്നും ഈ കഥയെ വിശേഷിപ്പിക്കാം.
നാമറിയാതെ നമ്മിൽ നടക്കുന്ന നിരന്തര പ്രക്രിയയായ ശ്വസനം പ്രകൃതിയിലെ ഓരോ ജീവനും ഏറ്റുവാങ്ങുന്ന വിഭിന്നഗതിയെ നർമ്മത്തിൽ ചാലിച്ച് കഥാകൃത്ത് മീരയുടെ കണ്ണിലൂടെ നമുക്കും കാട്ടിത്തരുന്നു. ഇലയുടെ, പൂവിന്റെ, പൂച്ചയുടെ, കിളിക്കുഞ്ഞിന്റെ, അമ്മയുടെ, മകന്റെ, ഭർത്താവിന്റെ, കൂട്ടുകാരികളുടെ ഓരോരുത്തരുടേയും ശ്വാസഗതിയുടെ താളം തൊട്ടടുത്തുണ്ടായിട്ടും തിരിച്ചറിയാൻ ഒരു ബോധനം വേണ്ടിവന്നത് മീരയ്ക്കുമാത്രമല്ലാ, നമുക്കുംകൂടെയാണ്. യോഗ എന്ന നിമിത്തത്തിലൂടെ ഓരോ ശ്വാസഗതിയിലും ഒരു ഗവേഷണംതന്നെ മീര /കഥാകൃത്ത് നടത്തിയിട്ടുണ്ട്. ആ മാസ്മരികതയിൽപ്പെട്ട വായനക്കാരും തന്റെ പരിചിത സ്ഥലികളിലെ ശ്വാസഗതിയിലേക്ക് തങ്ങളുടെ ഗവേഷണങ്ങളെ കയറൂരിവിട്ടുപോകുന്നു.

മറ്റെല്ലാവരിലും ഗവേഷണാത്മക നിരീക്ഷണം നടത്തുന്ന മീര സ്വന്തം ശ്വാസഗതി തിരിച്ചറിയാനാകാതെ കുഴങ്ങുന്നിടത്ത്, സ്വാന്തം നഷ്ടപ്പെട്ട പെൺജീവിതം മറനീക്കുന്നുണ്ട്. മറ്റെല്ലാവരേയും തിരിച്ചറിയുന്ന അവൾ ആരാലും തിരിച്ചറിയപ്പെടാതെ പോകുന്ന ദയനീയ യാഥാർത്ഥ്യത്തിന് പരിഹാരം ഒന്നേയുള്ളു – തിരിച്ചറിവ്. തന്നെ നിരീക്ഷിച്ച് താൻ കണ്ടെത്തുന്ന ഉണർവ്വിൽനിന്ന് ഉരുത്തിരിയുന്ന ആത്മവിശ്വാസം – അതാവണം അരികുവൽക്കരണങ്ങളെ അടിച്ചുതോൽപ്പിക്കേണ്ട ആയുധം എന്ന് കഥാകാരൻ പെൺപക്ഷത്തുനിന്നുകൊണ്ട് കട്ടായം പറയുന്നു.എന്നാൽ അപ്പറയുന്നത് പൊതുധാരാവിശേഷതയിൽനിന്നുകൊണ്ടാണ്. ഫെമിനിസമോ പെണ്ണവയവ പ്രദർശനത്തിലൂടെയുള്ള സ്വാത്രന്ത്ര്യപ്രഖ്യാപനമോ ഒന്നും മീര എന്ന കഥാപാത്രം നടത്തുന്നില്ലാ.മറിച്ച് ഓരോ ജീവവസ്തുവിന്റെയും സകലകോശത്തിലും കുടിയിരിക്കുന്ന, നിരന്തരതയാൽ നാം തിരിച്ചറിയാതെപോകുന്ന ശ്വാസത്തെയാണ് സ്വാതന്ത്ര്യത്തിന്റേയും ആത്മവിശ്വാസത്തിന്റെയും പുത്തൻ ഉണർച്ചയെ പ്രതിനിധാനം ചെയ്യുന്ന പ്രതീകമായി കഥാകൃത്ത് കൊണ്ടുവരുന്നത്. യുക്തിപൂർവ്വമായ ,അസാമാന്യ കണ്ടെത്തലായി അത്. അവരവരിലുള്ളത് തിരിച്ചറിയലാണ് ആത്മബോധമെന്നും, അതാണ് ആത്മവിശ്വാസത്തിന്റെ കാതലെന്നും അതിലൂടെയാണ് സ്വാതന്ത്ര്യത്തിന്റെ വഴി തുറക്കുകയെന്നും അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കാൻ കഥയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

ആണധികാരത്തിന്റെ വഴിവിട്ട സഞ്ചാരങ്ങൾ മൗനമായി സംവദിക്കുന്നുണ്ട്, ഈ കഥയിൽ. ഭർത്താവും മുതലാളിയും യോഗ പഠിപ്പിക്കുന്ന ഗുരുജിയും സ്വാർത്ഥതാല്പര്യങ്ങളുടെ സംരക്ഷകരും സ്ത്രീ ചൂഷകരുമായിത്തന്നെ കഥയിൽ നിലനിൽക്കുന്നത് കഥാകാരന്റെ സത്യപക്ഷവീക്ഷണത്തെ ഒന്നുകൂടെ ഉറപ്പിക്കുന്നുണ്ട്.

Read Also  പഴവിള, പുരോഗമനചിന്ത കെടാതെ സൂക്ഷിച്ച ഒരടുപ്പ് : ജി എസ് പ്രദീപ്

ശ്വാസഗതിയുടെ വിഭിന്ന ദൃശ്യാനുഭവങ്ങൾ, കൂർക്കംവലിക്കുന്നവനാണോ വരൻ എന്ന് കല്യാണാലോചനയുമായി വരുന്നവരോട് അന്വേഷിക്കണമെന്ന് പറയുന്നത്, മകനെ തിരുത്താൻ അമ്മയ്ക്ക് കഴിയണമെന്ന് ശോഭയോട് നിഷ്കർഷിക്കുന്നത് ഒക്കെ നർമ്മത്തിൽപ്പൊതിഞ്ഞ മാറ്റത്തിന്റെ മണിമുഴക്കങ്ങളാണ്.
അതിഭാവനയില്ലാതെ ,അതി മാംസളതയില്ലാതെ, യുക്തിഭദ്രമായ നിരീക്ഷണത്തെ എങ്ങനെ ലാളിത്യം വിടാതെ ശക്തമായ കഥയാക്കാമെന്ന് ദിശാബോധം തരുന്ന കഥയാണ് ശ്രീ.ജേക്കബ് എബ്രഹാമിന്റെ ‘ശ്വാസഗതി’ എന്നതിൽ തർക്കമില്ലാ.
……………..

       

ഹിഡുംബി (മാതൃഭൂമി)

ശ്രീമതി വി.കെ ദീപയുടെ ‘ഹിഡുംബി’ പുരാണത്തിലെ ചില കഥാപാത്രങ്ങളുടെ മാനസികഭാവങ്ങളുടെ സൂക്ഷ്മാംശ നിറങ്ങളാൽ പുതിയ കാൻവാസിലെഴുതിയ മനോഹരമായ ജീവിതചിത്രമാണ്. മനുഷ്യമനസ്സിന്റെ സങ്കീർണ്ണഭാവങ്ങളിൽ ചിതറിപ്പോകുന്ന ഒരു കുടുംബത്തിന്റെ ജൻമരഹസ്യങ്ങളും ജീവിതഗന്ധവുംചേർന്നു നെയ്ത ഊടുപാവുകളുടെ ഇഴയടുപ്പവും പൊട്ടിപ്പോയ കണ്ണികളുടെ ഇനിയിണങ്ങാനാവാത്ത ‘ഏനക്കേടുകളും ‘ അതി മനോഹരമായി ഇണക്കിച്ചേർക്കാൻ കഥാകാരിക്ക് കഴിഞ്ഞിരിക്കുന്നു. മണ്ണിലെഴുതുന്ന എസ്തേർ, കടലാസി ൽ വാക്കിന്റെ വിത്തിടാൻ വാക്കിനെ കിനാവു കാണുന്ന എഴുത്തുകാരൻ, മണ്ണിലും കടലാസിലും ഒരുപോലെ എഴുതുന്ന മകൻ എന്നിവരിലൂടെ വ്യത്യസ്തമാനങ്ങളുള്ള മനസ്സുകളെയാണ് കഥാകാരി അനാവരണം ചെയ്യുന്നത്.

പെരുന്തച്ചൻ, ഹിഡുംബി, ഘടോൽക്കചൻ എന്നീ കഥാപാത്രങ്ങളിലെ അച്ഛൻ, അമ്മ, മകൻ എന്നിവരുടെ ഭാവബിംബങ്ങളാണ് പുതിയമൂശയിലേക്ക് ഉരുക്കിയൊഴിച്ചിരിക്കുന്നത്.

ഹിഡുംബി എന്ന പുരാണ കഥാപാത്രത്തിന്റെ രാക്ഷസരൂപത്തെ അകറ്റിനിർത്തിക്കൊണ്ട് സ്ത്രീമനസ്സിന്റെ ഔന്നത്യത്തെ നിരീക്ഷിക്കുന്നതിനും ആ വെളിച്ചത്തെ വായനക്കാരിൽ എത്തിക്കുന്നതിനും കഥാകാരിക്ക് സാധിച്ചു. അതോടൊപ്പംതന്നെ സ്വന്തം നിസ്സഹായതയിൽനിന്ന് പെരുന്തച്ചന്റെ മാനസികഭാവത്തിലേക്ക് പതിയെ ചുവടുമാറ്റം നടത്തിപ്പോകുന്ന ഒരു പിതാവിന്റെ ജീവിതസംഘർഷങ്ങളുടെ സൂക്ഷ്മതലങ്ങൾ അവതരിപ്പിക്കാനും അതിന്റെ പരിണതിയിലേക്ക് തൻമയത്വത്തോടെ കൊണ്ടുപോകാനും കഴിഞ്ഞത് കഥാകാരിയുടെ കൈയടക്കത്തിന്റെ തെളിവാകുന്നു. എസ്തേറിൽ ഹിഡുംബിയെ നിരീക്ഷിച്ച ആ ഭർത്താവ് അത്ര നിസ്സാരനായിരുന്നില്ലാ. അറിവിന്റെ ആഴങ്ങൾ മാത്രമല്ലാ പലപ്പോഴും എഴുത്തുകാരനെ സൃഷ്ടിക്കുന്നതെന്നു വായനക്കാരന് തോന്നിപ്പോകും. വാക്കിന്റെ ഉൾവിളിയുണ്ടാകാത്തതുകൊണ്ടുമാത്രം എഴുതാനാവാതെ വിഷമിക്കുന്ന ഈ കഥാപാത്രം സത്യസന്ധമല്ലാത്ത എഴുത്തിന്റെ സൂകരപ്രസവങ്ങളെ പോറ്റുന്ന ഇക്കാലത്ത് ചോദ്യം ചെയ്യലിന്റ ഒരു ഊരാക്കുടുക്ക്കൂടെ എറിയുന്നുണ്ട്. കഥാപാത്രങ്ങളെ ദൃശ്യമാനസ്വഭാവത്തിൽ അവതരിപ്പിച്ചതും മികവായി.
പ്രൗഢമെങ്കിലും സങ്കീർണ്ണ വാക്യങ്ങയുടെ സാന്നിദ്ധ്യം സാധാരണ വായനക്കാർക്ക് ചിലപ്പോൾ ക്ലിഷ്ടത ഉണ്ടാക്കിയേക്കാം.പക്ഷേ പൂർവ്വാപര ബന്ധം കഥ, പശ്ചാത്തലം എന്നിവയിൽ മാത്രമല്ലാ കഥാപാത്രങ്ങളിലൂടെയുമാവാം എന്ന് വിളിച്ചോതുന്ന കഥ.

മട്ടാഞ്ചേരി രഹസ്യം ( ശാന്തം മാസിക)

ശ്രീ .അഖിൽ മുരളീധരന്റെ ‘മട്ടാഞ്ചേരി രഹസ്യം’
ഭ്രമാത്മകതയുടെ ലോകത്തെ ചരിത്ര സഞ്ചാരമാണ്. മട്ടാഞ്ചേരി ഒരു ഭൂതകാലത്തെ മുഴുവൻ നെഞ്ചേറ്റി നിൽക്കുന്ന നഗരമാണ്. ബിനാലെകളും, ചുമർച്ചിത്രങ്ങളും, ചരിത്രം വിളംബരം ചെയ്യുന്ന സ്മാരകങ്ങളുമൊക്കെയായി മറ്റൊരു സംസ്കാരത്തിന്റെ ഓർമ്മകൾ പേറി നിൽക്കുന്ന ആ നഗരം വിഭ്രമം ജനിപ്പിക്കുക സ്വാഭാവികം. അവിടെ ഗൈഡായി നിൽക്കുന്ന ഒരാൾ വും വർത്തമാനവും കെട്ടിയ നൂൽപ്പാലത്തിലൂടെ സഞ്ചരിക്കുക എന്നതും ആ ലോകത്ത് വിഹരിക്കുക എന്നതും സാധാരണമായ സ്വീകാര്യതയായി അവതരിപ്പിക്കുന്നതാണ് കഥ. ആ കഥകൾ മട്ടാഞ്ചേരിയുടെ പൂർവ്വ രഹസ്യങ്ങളാണ്. അല്പം ഭ്രാന്തുണ്ടെങ്കിൽ മാത്രം വിഹരിക്കാവുന്ന ആ ലോകത്തെ ചില നിമിഷങ്ങളിലൂടെ ഇറങ്ങി വരുന്നവരുടെ രഹസ്യലോകങ്ങളിലൂടെ ഉറപ്പില്ലാതെ സഞ്ചരിക്കുന്ന വായനക്കാർക്ക് പ്രേതങ്ങളുടെ ചരിത്രവഴികൾ അത്രവേഗം പിടികിട്ടണമെന്നില്ല.

Read Also  പെൺരചനകളിലെ തനതുവഴികൾ ; ബൃന്ദ പുനലൂർ, ബഹിയ, സുധ തെക്കേമഠം എന്നിവരുടെ കഥകളിലൂടെ

ഭ്രമാത്മക സഞ്ചാരത്തിനിടയിൽ ചുരുളഴിയുന്ന ചില പൊട്ടും പൊടികളും മരണവും പോലീസും പ്രതിയാക്കലും അവിടന്നുള്ള മടക്കവും കഴിഞ്ഞ് ഇടയ്ക്ക് ചുമർചിത്രത്തിൽ നിന്നിറങ്ങി വന്ന പെൺകുട്ടി ചിത്രമായും, അയാൾ വെറും ഗൈഡായും മാറുന്നു. ഇടയ്ക്ക് കമലാ സുരയ്യയും, പി.എഫ് മാത്യൂസുമൊക്കെ വന്നു പോകുന്നുണ്ട്.

വായനക്കാർക്ക് വിഭ്രമങ്ങളുടെ ഒരു ലഹരി ജനിപ്പിക്കാനായി എന്നതൊഴിച്ചാൽ ചില അടുക്കിപ്പെറുക്കലുകൾ, സ്വഭാവിക ഒഴുക്കുകൾ, പ്രമേയത്തിന്റെ തെളിച്ചം എന്നിവയൊക്കെ കഥാകാരനെ പൂർണ്ണമായും തുണച്ചില്ലാ എന്നു തോന്നി. പുതിയ പ്രമേയങ്ങൾ ,പുതു ആഖ്യാന വഴികൾ ഒക്കെ പുത്തനെഴുത്തുകാർ തിരഞ്ഞു കണ്ടെത്തി അവതരിപ്പിക്കാൻ ആർജ്ജവം കാണിക്കുന്നു എന്നതുതന്നെ ആശാവഹമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here