മജീദ് സെയ്ദ് എന്ന യുവകഥാകൃത്തിന്റെ ‘പെൺവാതിൽ’ ഞെട്ടിപ്പിക്കുന്ന ഒരു കഥയാണ്. അംസാബി തള്ളയുടെ രണ്ടു മക്കളാണ് ആശയും ബാബുവും. പൊറമ്പോക്ക് കോളനിയിൽ അടച്ചുറപ്പില്ലാത്ത വീട്ടിലാണ് ഈ അമ്മ മക്കളുടെ താമസം. കോളനിയിലെ സർക്കാർ ജോലിയുള്ള ചാദിച്ചാന്റെ പൊരക്കാരൊഴിച്ച് മറ്റുള്ളവർക്കൊന്നും കക്കൂസില്ല. ചെമ്പോല കോളനിക്കാര് എമ്പ്രാൻ കുന്നിന്റെ മോളിൽ വെളിമ്പറമ്പിൽ പോയാണ് തൂറുന്നത്. വെഷക്കാ പൊട്ടിച്ച് തിന്ന് ചാകാനും അവർ എമ്പ്രാൻ കുന്നു കേറും.

അംസാബിയും മക്കളും അതിദയനീയമായ ജീവിതമാണ് നയിക്കുന്നത്. പരമദരിദ്രരായ അവർ വീടുകൾ തോറും നടന്ന് തെണ്ടിത്തിന്നാണ് അതിജീവിക്കുന്നത്. ആശയ്ക്ക് പ്രായപൂർത്തിയാകാറായി. കോങ്കണ്ണിയായ അവളെ ഓച്ചിറക്കണ്ണീന്നാണ് അമ്മയും ആങ്ങളയുമൊക്കെ വിളിക്കുന്നത്. പത്താം ക്ലാസ്സിൽ തോറ്റതോടെ അവൾ പഠനം നിർത്തി. ബാബു അതിനു മുമ്പേയും. പെണ്ണ് വളർന്നതോടെ ആൺവേട്ടയാടലുകൾ തുടങ്ങിയിട്ടുണ്ട്. അംസാബിക്ക് ചോദിക്കാനും പറയാനും ആരുമില്ലല്ലോ. മകളുടെ സുരക്ഷിതത്വമോർത്ത് അവർ ആകുലയാണ്. വീടിന് അടച്ചുറപ്പുള്ള വാതിൽ തീർക്കാൻ പള്ളീന്നൊക്കെ കിട്ടുന്ന ചില്ലറത്തുട്ടുകൾ അവർ സൂക്ഷിച്ചു വെക്കുന്നുണ്ട്. പട്ടേരി കുഞ്ഞച്ചൻ മാപ്പിളയുടെ വീട്ടിൽ ആഹാരം തേടി അവർ പോകാറുണ്ട്. കുഞ്ഞച്ചൻ തള്ളേനെ കെട്ടിപ്പിടിക്കുന്നത് മകൾ കാണുന്നുണ്ട്. ഒരു നാൾ കുഞ്ഞച്ചൻ പെൺകുട്ടിയെ അരികിൽ വിളിച്ചതും കള്ളൻ കോയ ഒരിക്കൽ അംസാബിയുടെയും ബാബുവിന്റെയും മുന്നിൽ വെച്ച് അവളുടെ തോളിൽ കയറി പിടിച്ചതും അംസാബിയെ ആകെ പരിഭ്രമിപ്പിച്ചു. കോയയെ തൽക്ഷണം അടിച്ചു വീഴ്ത്തിയെങ്കിലും ബന്തവസില്ലാത്ത വീട്ടിൽ എങ്ങനെ ഈ പെൺകിടാവിനെയും കൊണ്ട് രാത്രികൾ കഴിച്ചു കൂട്ടും.

അവർ ശേഖരിച്ചു വെച്ചിരുന്ന കാശ് കതകു പണിഞ്ഞു തരാനായി ആശാരിക്കു കൊടുക്കുന്നു. നിർഭാഗ്യമെന്നു പറയട്ടെ ആശാരിയുടെ പൊട്ടൻ ചെറുക്കൻ ആ കാശുമായി മുങ്ങി. കതകു പണിഞ്ഞു തരാൻ ആശാരി സാവകാശം ചോദിക്കുന്നു.
ഇതിനിടയിൽ ആകെ പരവശയായ അംസാബി ഒരു വണ്ടി അപകടത്തിൽ പെടുന്നു. ( ഇങ്ങനെ കഥ പറയുന്നത് ആ കഥയെ കൊല്ലുന്നതിന് തുല്യമാണ്. വല്ലാതെ ഫീൽ ചെയ്യുന്ന ഒരു ആഖ്യാനശൈലിയിലാണ് മജീദ് സെയ്ദ് കഥ എഴുതിയിരിക്കുന്നത്.) ആന്റപ്പി മെമ്പറും കള്ളൻ കോയയും കൂടി പിള്ളാരെയും കേറ്റി തള്ളയെയും കൊണ്ട് ജീപ്പിൽ ആശുപത്രിയിൽ എത്തുന്നു. ഇതിനിടയിൽ പെൺകുട്ടി പീഡിതയാകുന്നുണ്ട്. അംസാബിയെ ഓപ്പറേഷന് വിധേയയാക്കുന്നു. ആൻറപ്പൻ ആശയെ ബലാൽസംഗം ചെയ്യാൻ ഇതിനിടയിൽ ശ്രമിക്കുന്നുണ്ടെങ്കിൽ കള്ളൻ കോയ ഇടപെട്ട് അതു തടയുന്നു.

കള്ളൻ കോയയേയും ബാബുവിനെയും ആശുപത്രിയിൽ മോഷണം നടത്തിയതിന്റെ പേരിൽ പോലീസ് പിടിച്ചു കൊണ്ടു പോകുന്നു. ഒറ്റപ്പെട്ട ആശയെ ആശുപത്രിയിൽ വെച്ച് പരിചയപ്പെട്ട് ഒരു സ്ത്രീ വീട്ടിലേക്കു കൊണ്ടു പോകുന്നു. അവിടെ വെച്ച് ആൻറപ്പി മെമ്പറ് പല പ്രാവശ്യം പീഡിപ്പിക്കുന്നു. പലരും അവിടെ വന്നോണ്ടിരുന്നു. നിസ്സഹായയായ അവൾക്ക് എതിർക്കാനുള്ള കരുത്തില്ലാതായി.
അംസാബി രക്ഷപ്പെട്ടെങ്കിലും കെടപ്പിലായി പോയി. ആശാരി കതകു പണിയാൻ കുറേ ദിവസം കൂടി തരണം എന്നു പറഞ്ഞ് അവിടെ എത്തി.
അംസാബി ആശാരിയോട് ആ വാതിലിനി വേണ്ടായെന്നു പറയുന്നു.
ഇനി കഥയിൽ നിന്ന് അതേപടി ഉദ്ധരിക്കാം.

Read Also  'ആദിമധ്യാന്തം' ചരിത്രത്തിൽ മുങ്ങിയ ചെന്താരശ്ശേരി

‘പാതിരാക്കാറ്റ് വീശുമ്പം എമ്പ്രാൻ കുന്നിന്റെ നെറു കേന്ന് കാലൻ കൂവണത് കേട്ടു. ” ഡീ, ആശെ, നീയൊറങ്ങിയാ പെണ്ണേ ..” തള്ള ആദ്യമായിട്ടാണ് എന്റെ പേര് വിളിച്ച് ഞാങ്കേക്കണത്. അതോർത്തപ്പം ഉള്ളീന്ന് പൊന്തിയ ഏങ്ങല് പിടിച്ചു വെക്കാൻ എനിക്ക് പറ്റീല്ല. സഹിക്കാൻ പറ്റാണ്ട് ഞാങ്കരഞ്ഞുപോയി.
” നീ, കരയണ്ട മോളെ, പെണ്ണൊരിക്കലും കരയാമ്പാടില്ല . നെനക്കറിയാവോ, ഒരിക്കലടച്ചാ തൊറക്കാത്ത ഒരു വാതലെ ഈ ഇച്ചിരിക്കോളം പോന്ന ദുനിയാവിലുളളു. അത് പെണ്ണാ. എന്നു വെച്ചാ പെണ്ണിന്റെ വാതല് പെണ്ണ് തന്നെയാണ്. അതവളങ്ങോട്ടടച്ചാ ഒരുത്തനും വന്നതുമ്മെ പിന്നെ മുട്ടൂല്ല. നീയാ വെട്ടുകത്തിയെടുത്ത് തലക്കാംമ്പാകത്ത് വെച്ചേച്ച് കെടന്നൊറങ്ങാൻ നോക്ക് മോളേ ….”
കഥ ഇങ്ങനെ തീരുന്നു.

” പെട്ടെന്നൊരു മഴ വന്ന് കോളനിയെ മൂടി. തണുത്ത് വെറച്ചൊരു കാറ്റ് മഴയിൽ കുതിർന്ന് ഞങ്ങടെ പെരപ്പൊറത്തോട്ടമർന്നു. ഞങ്ങളെപ്പോലെ കണ്ടെടത്തൊക്കെ നിരങ്ങി മടുത്തിട്ട് എറാത്ത് വന്ന് കെടന്നൊറങ്ങണ നെലാ വെട്ടത്തിനെ കൂടി ഏപ്പിക്കാതെ അടുക്കളപ്പുറത്തൂന്നൊരു നെഴലനങ്ങണത് ഞാൻ കണ്ടു. വെട്ടു കത്തിയെടുക്കാൻ പായക്കടീലോട്ട് വലം കൈ നീളുമ്പോ ,എമ്പ്രാൻ കുന്നിന്റെ നെറുകേന്ന് പെട്ടെന്നൊരു കൊള്ളിയാൻ വെട്ടത്തിൽ തള്ളേടെ ചുണ്ടേലൊരു ചിരിയൂറി പരക്കുന്നത് കണ്ടേച്ച് ഞാൻ എല്ലാം മറന്നൊന്നുറങ്ങി. ”

കഥ വായിച്ചതിനു ശേഷം ഉറങ്ങാൻ കഴിഞ്ഞില്ല. വക്കിൽ രക്തം പൊടിഞ്ഞിരിക്കുന്ന കഥ പോലെ തോന്നി. ഞെട്ടിയതിനൊരു കാരണമുണ്ട്. കഥാകൃത്ത് എഫ്.ബി യിൽ വാതിലില്ലാത്ത വീടിന്റെ മുമ്പിൽ നിൽക്കുന്ന ആശയുടെ ചിത്രം പോസ്റ്റിയിരിക്കുന്നു. ജീവിതത്തിൽ നിന്നു ചീന്തിയെടുത്ത കഥയാണിത്. കഥയിൽ ഭാവനയുടെ ഇരുണ്ട ചായങ്ങൾ കലർത്തിയിരിക്കാം. എന്നാൽ ആശ എന്ന ഒരു പെൺകുടി ജീവിച്ചിരിക്കുന്നു. ഈ തെരഞ്ഞെടുപ്പ് കാലത്ത് ഈ കഥ ഉയർത്തുന്ന രാഷ്ട്രീയം കാണാതെ പോകരുത്.

കൂടുതൽ എഴുതാനാകുന്നില്ല. കൈവിറയ്ക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here