Wednesday, January 19

പാലൂര് – നടവഴികളിലിറങ്ങാതിരുന്ന കവി; കെ രാജേഷ് കുമാർ

‘ അവൻ ഇരുപതാം ശതകത്തിലിപ്പോൾ അനാസിനാക്കുന്നു പ്രധാന ഭക്ഷണം’ എന്ന എം.എൻ.പാലൂരിന്റെ കവിതക്കീറ് മലയാളത്തിലെ ആധുനിക കവിതയെക്കുറിച്ച് നിരൂപിച്ചവരെല്ലാം എടുത്തെടുത്ത് എഴുതാറുണ്ടായിരുന്നു. ഒട്ടും കവിത തോന്നില്ല ഈ വരികൾ വായിച്ചാൽ . കവിതയ്ക്കു പൊതുവേ വേണമെന്ന് അക്കാലം വരെ കരുതിയിരുന്ന ഭംഗികളെയെല്ലാം ഊറ്റിക്കളഞ്ഞിട്ട് കവിത എഴുതുക വഴിയാണ് എം.എൻ. പാലൂർ ആധുനിക കവിയായത്.

ഒരു വലിയ കവിയാന. അതിനു പുറകേ കുറേ കുട്ടിക്കവിയാനകൾ .ഇതായിരുന്നു ആധുനികതയുടെ കാലം വരെ മലയാള കവിതയിൽ കണ്ടിരുന്ന ഒരു പ്രവണതയെന്ന് ആധുനിക വിമർശകരുടെ കൂട്ടത്തിൽ കരുത്തനായിരുന്ന എം.തോമസ് മാത്യു നിരീക്ഷിച്ചിട്ടുണ്ട്. അതായത് ആശാൻ എന്ന വലിയ കവി. ആശാനെ അനുകരിച്ചു കൊണ്ട് വാലേ വാലേ കുറേ കവികൾ. വള്ളത്തോൾ എന്ന വെറൊരു ഗജരാജൻ. വള്ളത്തോളിനു ചുറ്റും കുറേ ചെറു കവികൾ. ചങ്ങമ്പുഴ പൂത്തമാമരത്തണലിൽ ചെവിയാട്ടി തുമ്പിയാട്ടി. മാറ്റൊലിക്കവികൾ മൃദുപദവിന്യാസത്തോടെ പിന്നാലെ .എന്നാൽ ആധുനികതയുടെ കാലത്ത് ഈ രീതി മാറിയിട്ട് കവികൾ ഓരോ ഓരോ ഒറ്റയാൻമാരായി മാറി. അയ്യപ്പപ്പണിക്കർ എന്ന ഒറ്റയാൻ .കക്കാട് എന്ന വേറൊരു കവി ഗജം. ആറ്റൂര്, അയ്യപ്പത്ത്, കടമ്മനിട്ട അങ്ങനങ്ങനെ പലതരം കോലങ്ങളേറ്റിയവർ. ഒതുങ്ങി മാറി സ്വന്തം വഴിത്താരയിലൂടെ നടന്നു നീങ്ങി മോക്ഷം നേടിയ ഗജേന്ദ്രനാണ് എം.എൻ. പലൂര് . കലികാലം എന്ന കവിതാ സമാഹാരത്തിന്റെ ആ തലക്കെട്ടിൽ പാലൂർ കവിതയിലെ ആധുനികത കാണാം.
സാമ്പത്തികമായി ദരിദ്രമായിപ്പോയ ഒരു ബ്രാഹ്മണ കുടുംബത്തിൽ ജനിച്ചു വളർന്ന പാലൂർ ഔപചാരികമായി വിദ്യ അഭ്യസിച്ചിട്ടേ ഇല്ല .സംസ്കൃതവും കഥകളിയും ഒക്കെ പഠിച്ച പാലൂർ പക്ഷേ ഡ്രൈവറും മെക്കാനിക്കുമൊക്കെയായി മാറുകയായിരുന്നു. തൊഴിൽ തേടി ബോംബെയിൽ എത്തിയ കവി ഇന്ത്യൻ എയർലൈൻസിൽ ഉദ്യോഗസ്ഥനാകുന്നു. വിമാനത്താവളത്തിലെ കവിതയൊക്കെ പിറവി കൊള്ളുന്നത് ഈ പശ്ചാത്തലത്തിലാണ്. അങ്ങനെ നഗര കവിതകൾ എഴുതി പാലൂർ മലയാള ആധുനിക കവിതയിലെ ഒരു ആനക്കരിമ്പാറയായി . കുട്ടിക്കൃഷ്ണമാരാരുടെ ഉപദേശമനുസരിച്ച് പാലൂർ മഹാഭാരതത്തിലും കാളിദാസ കവിതകളിലും മുങ്ങി നിവർന്നു. ഇതിഹാസങ്ങളും ഇന്ത്യൻ ക്ലാസ്സിക്കുകളും അനുശീലിക്കുക വഴി നേടിയ ഒരു ഊർജ്ജം പിന്നീട് പാലൂർ കവിതയിൽ പ്രസരിക്കുകയുണ്ടായി. പാലൂർ കവിത ഒരിക്കലും കൊണ്ടാടപ്പെട്ടില്ല. എഴുനെള്ളിച്ചു നടക്കാൻ കടമ്മനിട്ട യെപ്പോലെ മാർക്സിസ്റ്റുകാർക്കോ അക്കിത്തത്തെപ്പോലെ ആർ.എസ്.എസുകാർക്കോ വഴങ്ങിക്കൊടുത്ത വിധം ഒരു പ്രകൃതം കവിത വഴിയോ ജീവിതം വഴിയോ പാലൂരിലില്ലായിരുന്നു. കൂടുതൽ വായിക്കപ്പെട്ട ഉഷസ്സിനെക്കറിച്ചുള്ള കവിത പോലും നമ്മുടെ കവിതയുടെ പൊതു നടവഴിയിലേക്കിറങ്ങുന്നില്ല.
വന്നു പിറന്നതബദ്ധം
ജീവിക്കുന്നതു മറ്റൊരബദ്ധം
കണ്ടില്ലെന്നു നടിച്ചു നിവർന്നു നടന്നീടുന്ന തബദ്ധം, സർവ്വാബദ്ധം
എന്ന നിർവ്വേദാധിഷ്ഠിതമായ ദർശനത്തിൽ പാലൂർ എത്തിച്ചേർന്നു. അതിനാൽ അയ്യപ്പപ്പണിക്കരിൽ നിന്നൊക്കെ ഏറെ ഭിന്നമായ ഉപഹാസ കവിതകൾ എഴുതാനും പാലൂരിനു കഴിഞ്ഞു.
‘ കഥയില്ലാത്തവന്റെ കഥ’ എന്ന് പേരിട്ട് ആത്മകഥ എഴുതിയപ്പോഴേക്കും പാലൂർ ശാന്തരസത്തിൽ ജീവിതത്തെ വിലയിപ്പിച്ചിരുന്നു. ശ്രീകോവിലിൽ മൂത്രമൊഴിച്ചതിനെക്കുറിച്ചൊക്കെ പാലൂർ എഴുതിയിട്ടും തിരകളുണ്ടാകാതിരുന്നത് അതുമൂലമാണ്. മഹാഭാരതം വായിച്ചു വായിച്ച് ഔപനിഷദകമായ ശാന്തിയിൽ പാലൂർ എന്ന മനുഷ്യൻ മാഞ്ഞുപോയി. പക്ഷേ ആ കവിതകൾ അങ്ങനെ മായില്ല. കാരണം പാലൂരിൽ നിറയെ കവിതയുണ്ടായിരുന്നു.

Spread the love
Read Also  പഞ്ഞം വന്നെന്നു കരുതി എഴുത്തു നിർത്താനൊക്കുമോ?

Leave a Reply