Monday, January 17

വിദേശനയം ഇവന്‍റ് മാനേജ് മെന്‍റ് അല്ല, മോദി ഗവണ്മെന്‍റിന് താക്കീതായി യശ്വന്ത് സിന്‍ഹ

സീ മീഡിയയ്ക്ക് നല്കിയ പ്രത്യേക അഭിമുഖത്തില്‍ ബി.ജെ.പിയുടെ മുന്‍ ധനകാര്യമന്ത്രി യശ്വന്ത് സിന്‍ഹ മോദി ഗവണ്മെന്‍റ് നയങ്ങള്‍ക്കെതിരെ ആഞ്ഞടിക്കുന്നു. അടുത്ത കാലത്ത് ബി.ജെ.പി. വിട്ട അദ്ദേഹം സാമ്പത്തികം, വിദേശനയം, 2019 തിരഞ്ഞെടുപ്പിലെ പ്രതിപക്ഷ ഐക്യത്തിന്‍റെ ആവശ്യകത, മോദിഭരണം മുതലായ കാര്യങ്ങളില്‍ തന്‍റെ നിലപാട് വ്യക്തമാക്കുന്നു. തന്‍റെ രാഷ്ട്രീയപ്രവേശനസാഹചര്യം വ്യക്തമാക്കിക്കൊണ്ടാണ് മുന്‍ ജനതാ നേതാവും പില്‍ക്കാല ബി.ജെ.പിയുമായ യശ്വന്ത് സിന്‍ഹ സംസാരിച്ചു തുടങ്ങുന്നത്.
ജയപ്രകാശ് നാരായണന്‍റെ സ്വാധീനത്തില്‍ ആകൃഷ്ടനായി രാഷ്ട്രീയത്തിലെത്തി. ചന്ദ്രശേഖറാണ് രാഷ്ട്രീയപ്രവേശനത്തിന് പ്രേരിപ്പിച്ചത്. ഒരിക്കലും രാഷ്ട്രീയത്തില്‍ വരാന്‍ ആഗ്രഹിച്ചിരുന്നില്ല. ജനതാ പാര്‍ട്ടിയിലൂടെ ബി.ജെ.പിയിലെത്തി സമീപകാലത്ത് ബി.ജെ.പി വിട്ട മുന്‍ ധനകാര്യമന്ത്രി ഇപ്പോള്‍ ജനകീയപ്രശ്നങ്ങളെ ഉയര്‍ത്തിക്കാട്ടാനാണ് ആഗ്രഹിക്കുന്നത്.
ഇന്ത്യന്‍ ഭരണസംവിധാനം പരിഗണിച്ചാല്‍ മോദി ഗവണ്മെന്‍റ് അധികാരത്തില്‍ വന്ന ശേഷം നില ഒട്ടും തൃപ്തികരമല്ല. രാജ്യം തെറ്റായ ദിശയിലാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. അതിനാല്‍ ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുക തന്നെ വേണം.
മറ്റ് പ്രതിപക്ഷനേതാക്കളെപ്പോലെ സിന്‍ഹ നോട്ടുനിരോധനം മൂലം രൂപയ്ക്ക് വന്‍ ഇടിവുണ്ടായി എന്ന് കരുതുന്നില്ല. റിസര്‍വ് ബാങ്ക് വിചാരിച്ചാല്‍ കമ്പോളത്തിലുണ്ടായ കുതിച്ചുചാട്ടം നിയന്ത്രിക്കാവുന്നതേ ഉള്ളൂ. ബി.ജെ.പിയിലെ ഇപ്പോഴത്തെ പല നേതാക്കളും സാമ്പത്തികരംഗത്തെപ്പറ്റി ബോധമുള്ളവരല്ല. സാമ്പത്തികരംഗത്ത് എട്ട് മുതല്‍ പത്ത് ശതമാനം വരെ വളര്‍ച്ചാനിരക്ക് ആവശ്യമാണ്. 2015ന് ശേഷം മൊത്തം ആഭ്യന്തര ഉല്പാദനം കണക്കാക്കുന്ന രീതി മാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.അതനുസരിച്ച് രണ്ട് ശതമാനമാണ് കാണുന്നത്. കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ ക്രൂഡ് ഓയിലിലുണ്ടായ വിലക്കുറവാണ് സര്‍ക്കാരിന്‍റെ ഭാഗ്യം.
വാജ്പേയി സര്‍ക്കാര്‍ കാലത്തെപ്പോലെ മോദി ഗവണ്മെന്‍റ് വലിയ പദ്ധതികളൊന്നും നടപ്പാക്കുന്നില്ലെന്ന് സിന്‍ഹ ആരോപിക്കുന്നു. ഇപ്പോള്‍ 97 പദ്ധതികളാണ് പ്രധാനമന്ത്രിയുടെ പേരില്‍ നടക്കുന്നത്.അതൊന്നുംതന്നെ സംസ്ഥാനങ്ങളെ മാതൃകാപരമായിരിക്കാന്‍ ഉതകുന്നതല്ല.
കര്‍ഷകര്‍ ഇപ്പോഴും വന്‍ കഷ്ടതകളെ അനുഭവിക്കുന്നുവെന്നാണ് സിന്‍ഹ പറയുന്നത്. മാണ്ഡി പോലുള്ള സ്ഥലങ്ങളില്‍ ഉല്പന്നങ്ങള്‍ക്ക് വന്‍തോതില്‍ വിലയിടിഞ്ഞു. കടങ്ങള്‍ എഴുതിത്തള്ളുകയാണ് കര്‍ഷകരുടെ ദുഃഖങ്ങള്‍ക്കുള്ള ഏക പരിഹാരം.
മോദിയുടെ വിദേശനയത്തെ സിന്‍ഹ നന്നായി കടന്നാക്രമിക്കുന്നു. ഇന്ത്യ അമേരിക്കയ്ക്ക് മുന്നില്‍ എഴുന്നേറ്റ് നില്ക്കുകയാണ്. ഇറാനുമായുള്ള വ്യാപാരബന്ധം അവസാനിപ്പിക്കാന്‍ അമേരിക്ക ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇറാന്‍ വളരെ പ്രധാന സൗഹൃദം പുലര്‍ത്തുന്ന സമീപരാജ്യമാണ്. തന്ത്രപരമായി ഇറാന്‍ ഇന്ത്യയ്ക്ക് വളരെ പ്രധാന രാജ്യമാണെന്നും സിന്‍ഹ കൂട്ടിച്ചേര്‍ക്കുന്നു. ഇന്ത്യയുടെ ആവശ്യങ്ങളെ മനസ്സിലാക്കാതെ അമേരിക്ക അവരുടെ താല്പര്യങ്ങളെ അടിച്ചേല്‍പ്പിക്കുകയാണ്. അതുപോലെ ഇന്ത്യയ്ക്ക് ചൈനയുമായി ബന്ധപ്പെട്ട വളര്‍ച്ച നേടാനും കഴിയുന്നില്ല. വിദേശനയമെന്നത് ഇവന്‍റ് മാനേജ് മെന്‍റല്ല എന്നാണ് മോദിയുടെ വിദേശനയത്തെ ആക്രമിച്ചുകൊണ്ട് സിന്‍ഹ പറയുന്നത്.
സര്‍ജിക്കല്‍ സ്ട്രൈക്ക് കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടായില്ല. അത് നിങ്ങള്‍ ദേശവാദിയാണോ ദേശവിരുദ്ധനാണോ എന്ന ഒരു വൈകാരികപ്രശ്നത്തിന്‍റെ ടെസ്റ്റാണ്. സര്‍ജിക്കല്‍ സ്ട്രൈക്കിന്‍റെ വീഡിയോകള്‍ പുറത്ത് വിട്ടത് ശരിയല്ലെന്ന് മാത്രമല്ല, അന്വേഷണം ആവശ്യമായ കാര്യവുമാണ്.
2019ല്‍ വരാന്‍ പോകുന്ന തെരഞ്ഞടുപ്പില്‍ ബി.ജെ.പി. പിന്തള്ളപ്പെടുമെന്നാണ് ബി.ജെ.പിയുടെ മുന്‍ ധനമന്ത്രി പറയുന്നത്. യു.പി., ബീഹാര്‍, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര എന്നീ നാലു സംസ്ഥാനങ്ങളിലെ 182 സീറ്റുകളില്‍ ബി.ജെ.പിയ്ക്ക് പ്രതിപക്ഷത്തുനിന്ന് കടുത്ത പോരാട്ടം നേരിടേണ്ടി വരുമെന്നാണ് സിന്‍ഹ കരുതുന്നത്. മോദിയെ ഉയര്‍ത്തിക്കാട്ടാനാണ് ബി.ജെ.പി. ശ്രമിക്കുന്നത്. ശക്തമായ ഒരു പ്രതിപക്ഷത്തിന്‍റെ അഭാവമാണ് 2019 തെരഞ്ഞെടുപ്പിലെ ഒരു പ്രധാന ഘടകം.
അടുത്ത തെരഞ്ഞെടുപ്പില്‍ എന്തായിരിക്കും അദ്ദേഹത്തിന്‍റെ റോള്‍ എന്ന ചോദ്യത്തിന് രാഷ്ട്രത്തിനുവേണ്ടി സംസാരിക്കുമെന്നാണ് അദ്ദേഹത്തിന്‍റെ മറുപടി.

Spread the love
Read Also  ദേശീയതയെ റെഡ് കാർപറ്റിൽ ചവുട്ടി വ്യാഖ്യാനിച്ചവരല്ല നെഹ്രുവും ഗാന്ധിയും ; മോദിയുടെ ഹൂസ്റ്റൺ വേദിയിലൂടെ