Saturday, August 8

‘യവനിക’യുടെ തിരക്കഥയിൽ എസ് എൽ പുരത്തിൻ്റെ പേരു ഒഴിവാക്കി കെ ജി ജോർജ് ; കൊടുംചതിയെന്ന് മകൻ

പ്രശസ്തചലച്ചിത്രം യവനികയുടെ തിരക്കഥയിൽ നിന്നും സഹതിരക്കഥാകൃത്തായ എസ് എൽ പുരം സദാനന്ദൻ്റെ പേരു ഒഴിവാക്കി സംവിധായകൻ കെ ജി ജോർജ്.

മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച യവനികയുടെ തിരക്കഥ പുസ്തകത്തിൽ എസ് എൽ പുരത്തിൻ്റെ പേരു തന്ത്രപൂർവ്വം ഒഴിവാക്കിയെന്ന് മകനായ ജയസോമ ആരോപിക്കുന്നു. യൂ ട്യൂബിൽ തെരഞ്ഞപ്പോൾ സിനിമയുടെ പ്രിൻ്റിൽ നിന്നും കെ ജി ജോർജ് എസ് എൽ പുരത്തിൻ്റെ പേരു ഒഴിവാക്കിയതായും പറയുന്നു. ഏറ്റവും നല്ല തിരക്കഥയ്ക്കുള്ള സംസ്ഥാന അവാർഡ് എസ് എൽ പുരവും കെ ജി ജോർജും സംസ്ഥാന സർക്കാരിൽ നിന്നും വാങ്ങിയതിനു ചരിത്രരേഖകളുള്ളപ്പോൾ ഇത് ചെയ്തത്  കൊടും ചതിയാണെന്നും മഹാനായ ഒരു സംവിധായകനിൽ ഒരിക്കലും ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്നും ജയസോമ ആരോപിക്കുന്നു. തുടർന്ന് വായിക്കുക

ജയസോമ എഴുതുന്നു

മഹാനായ ഒരു കള്ളൻ

ഈ മഹാനെ ആദരിക്കുന്നവർ ഈ മനുഷ്യന്റെ ഉള്ളിലെ കള്ളത്തരങ്ങൾ കൂടി അറിയുക.
1982 ലെ കേരള സംസ്ഥാന ഫിലിം അവാർഡ് പ്രഖ്യാപിച്ചപ്പോൾ യവനിക എന്ന എക്കാലത്തെയും മലയാളത്തിലെ കുറ്റാന്വഷണ സിനിമയുടെ തിരക്കഥയ്ക്ക് സ്റ്റേറ്റ് അവാർഡ്. തിരക്കഥ എഴുതിയത് പാവപ്പെട്ട എസ് എൽ പുരം സദാനന്ദനും മഹാനായ കെജി ജോർജും. രണ്ടുപേരും അവാർഡ് പങ്കിട്ടു. എസ് എൽ പൂരത്തിന്റെ മൊമന്റോയും സെര്ടിഫിക്കറ്റും വീട്ടിൽ ഷോകേസിൽ ഉണ്ട്.
എസ് എൽ പുരം മരിച്ചും പോയി.

ഇനിയാണ് കഥ തുടങ്ങുന്നത്. എന്റെ യവനിക എന്ന പേരിൽ കെജി ജോർജിന്റെ തിരക്കഥ മാതൃഭൂമി പുറത്തിറക്കുന്നു. എസ് എൽ പുരത്തെ ഒഴിവാക്കി ആ തിരക്കഥ സ്വന്തം പേരിൽ ആക്കുന്നു. തുടർന്ന് മാതൃഭൂമി യെ എസ് എൽ പുരത്തിന്റെ കുടുംബം ബന്ധപ്പെടുന്നു. അവർ വ്യക്തമായ മറുപടി തരുന്നു.

കെജി ജോർജിനെ പോലെ മഹാനായ ഒരാൾ പറഞ്ഞപ്പോൾ ഞങ്ങൾ സംശയിച്ചില്ല എന്ന്. ഒക്കെ. മഹാനായ കെജി ജോർജ് നെ ബന്ധപ്പെട്ടു. അങ്ങനെ ഒരു മിസ്റ്റേക്ക് വന്നത് ശ്രദ്ധിച്ചില്ല എന്ന്. നല്ല മറുപടി. ഒരു മഹാനിൽ നിന്നു കിട്ടാവുന്ന ഏറ്റവും നല്ല മറുപടി. മറുപടിയിൽ ഒപ്പിട്ടിട്ടില്ല എന്നത് ശ്രദ്ധേയം. ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് മുൻപ് എത്ര പ്രാവശ്യം വായിക്കും. എന്നിട്ടും കണ്ടില്ല. അപ്പോൾ മനപ്പൂർവം കണ്ടില്ല എന്ന് അർഥം. മറുപടിയിൽ ഒരു കാര്യം എഴുതി “സിനിമയിൽ ടൈറ്റിലിൽ കഥ തിരക്കഥ എന്റെയും സംഭാഷണം എസ് എൽ പുരത്തിന്റെയും എന്നാണെന്നു”. അപ്പോൾ സംശയം തോന്നി പല പ്രിന്റ്‌കൾ നോക്കി അപ്പോൾ ഞങ്ങൾ ഞെട്ടി എല്ലാ പ്രിന്റിലും എസ് എൽ പൂരത്തിന്റെ പേര് മാറ്റിയിരിക്കുന്നു. സംഭാഷണം മാത്രം. അപ്പോൾ പിന്നെയും സംശയം ആയി.

തിരക്കഥ വിഭാഗത്തിൽ പേരില്ലാതെ മത്സരിക്കാതെ എസ്എൽ പുരം എങ്ങനെ വിജയി ആയി. അങ്ങനെ അന്നത്തെ ജൂറി മെമ്പർ ആയിരുന്ന ബഹുമാന്യനും നല്ല ഒരു നിരൂപകനും ആയ വിജയകൃഷ്ണൻ സർ നെ സമീപിക്കുന്നു. അന്ന് അവിടെ പ്രദർശിപ്പിച്ച പ്രിന്റിൽ പേര് ഉള്ളതുകൊണ്ടും PRD list ൽ പേരുള്ളത് കൊണ്ടും ആണ് എസ് എൽ പുരത്തിന് അവാർഡ് കിട്ടിയതെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുകയും ലെറ്റർ അയച്ചു തരുകയും ചെയ്തു.

Read Also  കെ. ജി. ജോര്‍ജ്ജിന്റെ 'കോലങ്ങൾ' വീണ്ടും കാണുമ്പോൾ - പി വൈ ബാലന്റെ വായന

പിന്നീട് അദ്ദേഹം തന്ന ലെറ്റർ തിരിച്ചു വാങ്ങുകയും ചെയ്തു. അതിന്റെ കോപ്പി നമ്മുടെ കയ്യിൽ ഉണ്ട്. ആ ഫിലിം പ്രിന്റ് കളിൽ നിന്ന് പേര് വെട്ടിമാറ്റി പ്രസിദ്ധമായ തിരക്കഥയുടെ ക്രെഡിറ്റ്‌ സ്വന്തം പേരിൽ ആക്കിയതാണെങ്കിൽ പുള്ളിക്കാരൻ മഹാൻ മാത്രമല്ല പെരുംകള്ളനും കൊടും കുറ്റവാളിയും ആണ്. മരിച്ചു പോയവനെ സപ്പോർട്ട് ചെയ്യാൻ ആരും കാണില്ല ജീവിച്ചിരിക്കുന്നവന്റെ കൂടെ ആള് കാണു. എന്റെ അച്ഛന്റെ കൂടെ ആരും കാണില്ല. അച്ഛനെ വാനോളം പുകഴ്ത്തി പറയുന്നവർ പോലും പരസ്യമായി പറയില്ല. സിനിമ ലോകത്ത് എന്നും ചർച്ചയായ , സിനിമ വിദ്യാർഥികളുടെ പഠന വിഷയം ആയ യവനിക സിനിമയുടെ തിരക്കഥ രചയിതാവിന്റെ സ്ഥാനത്തു നിന്ന് എസ് എൽ പുരത്തെ ഒഴിവാക്കാൻ മനപ്പൂർവം ഒരു ശ്രമം. പുതിയ തലമുറയ്ക്ക് എസ് എൽ പുരത്തെ പരിചയം ഉണ്ടാവരുത്. അതാണല്ലോ ചെമ്മീൻ എന്ന സിനിമയുടെ തിരക്കഥ സംഭാഷണം എസ് എൽ പൂരത്തിന്റെ ആണെന്ന് ആർക്കൊക്കെ അറിയാം?

തിരക്കഥയ്ക്കുള്ള ആദ്യ ദേശീയ അവാർഡ് നേടിയ മലയാളി എസ് എൽ പുരം ആണെന്ന് ആർക്കറിയാം. ഒത്തിരി അവാർഡും ഒത്തിരി അംഗീകാരങ്ങളും കിട്ടിയിട്ടും മരിച്ചപ്പോൾ സംസ്ഥാന സർക്കാരിന്റെ ബഹുമതി കിട്ടാതെ പോയ ആളാണ് എസ് എൽ പുരം എന്നാർക്കറിയാം.ലോകത്തിൽ ഏറ്റവും കൂടുതൽ തിരക്കഥ രചിച്ച ആളാണ് എന്ന് ആർക്കറിയാം? മരിച്ചപ്പോൾ സ്വന്തം നാട്ടിൽ അദ്ദേഹം ആദ്യത്തെ പഞ്ചായത്ത്‌ പ്രസിഡന്റ് ആയിട്ടിരുന്ന പഞ്ചായത്തു അനുശോചന സമ്മേളനം നടത്തിയിട്ടു അതിന്റെ ബില്ല് എസ് എൽ പൂരത്തിന്റെ ഭാര്യക്കും മക്കൾക്കും നൽകി മരണാനന്തര ബഹുമതി നല്കിയതാർക്കു അറിയാം. അതൊക്ക പഴയ കഥ. സിനിമയിൽ ഇത്രയും ബഹുമതി യൊക്കെ കിട്ടിയ ആൾ മരിച്ചപ്പോൾ സിനിമ ലോകത്തു നിന്ന് വന്നവർ ഫാസിൽ സർ ജോഷി സർ വിനയൻ സർ ശ്രീകുമാരൻ തമ്പി സർ നടൻ മുരളി ചേട്ടൻ, ദിലീപ്, രാജൻ പി ദേവ് ചേട്ടൻ ജയസൂര്യ, ടോണി എന്നിവർ മാത്രം ആയിരുന്നു. അതും പഴയ കഥ.

പുതിയ തലമുറയ്ക്ക് അറിവ് പകർന്നു കൊടുക്കുന്ന പടിപ്പുര എന്ന മലയാളമനോരമയുടെ പംക്തിയിൽ നിന്ന് പോലും നാടകത്തെ കുറിച്ചുള്ള അറിവുകളിൽ നിന്നും എസ് എൽ പുരത്തെ ഒഴിവാക്കി. ഇതെന്താ ഇങ്ങനെ?
എസ് എൽ പുരത്തെ സ്നേഹിക്കുന്നവർ ഉണ്ടെങ്കിൽ ഇതൊന്നു ഷെയർ ചെയ്യൂ.
ഇത് ഇങ്ങനെ എഴുതിയതിന്റെ പേരിൽ എനിക്കിനി ഒത്തിരി ബുദ്ധിമുട്ടുകൾ എന്റെ സിനിമ ജീവിതത്തിൽ ഉണ്ടാവാം. ജീവിക്കാൻ വേണ്ടി എനിക്ക് എന്റെ അച്ഛനെ മറക്കാൻ പറ്റുമോ? തള്ളി പറയാൻ പറ്റുമോ?

യവനിക യുടെ തിരക്കഥയ്ക്ക് മുൻപും യവനികയ്ക്കു ശേഷവും കെജി ജോർജിന്റെ വിരൽ തുമ്പിൽ നിന്നും വന്ന ഒരു പ്രസിദ്ധമായ തിരക്കഥ ഉണ്ടോ? നാടകവും ആയി ബന്ധപ്പെട്ട ഈ സിനിമയുടെ തിരക്കഥ എഴുതാൻ കെജി മഹാൻ ജന്മം പലത് ജനിക്കണം. ഒരുമിച്ചു നിന്നിട്ട് കൂടെ നിന്നവനെ ചതിച്ചു അടിച്ചു മാറ്റുന്നവനെ ചതിയൻ എന്നാണ് വിളിക്കേണ്ടത്. മഹാൻ എന്നല്ല

Read Also    സ്ക്രീനിൽ നിന്നും മനസിലേക്കു യാത്ര ചെയ്ത മനുഷ്യരെ നൽകിയ എഴുത്തുകാരൻ..

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love

Leave a Reply