Tuesday, September 22

ആട് പത്രം ചവയ്ക്കുന്നതും പട്ടി മൂത്രമൊഴിക്കുന്നതും കഴിഞ്ഞുപോലും ; ലക്ഷക്കണക്കിന് പത്രങ്ങൾ മുന്നാമ്പുറത്ത് എത്തുന്നുണ്ട്

ഡല്‍ഹി പിതംപുരയിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയിൽ കഴിഞ്ഞ ദിവസം ലിസിയുടെ മൃതദേഹം കണ്ടെത്തിയതും സരായ് കലൈഖാനില്‍ റെയില്‍വേ പാളത്തില്‍ നി ന്നും മകനായ സ്റ്റാൻലിയുടെ മൃതശരീരം കണ്ടെത്തിയതും കേരളത്തിലെ ഒരു മുഖ്യധാരാമാധ്യമത്തിനും മറ്റൊരു ഓൺലൈൻ മാധ്യമത്തിനും നേരെ ഉയർത്തുന്ന ആരോപണം വളരെ ഗൗരവമായി കാണേണ്ടതാണ്. സംഭവത്തിന് പിന്നിൽ ലിസിയുടെ രണ്ടാം ഭർത്താവും തൊടുപുഴ നെയ്യാശ്ശേരി സ്വദേശി കുളങ്ങരത്തൊട്ടിയില്‍ കെ ജോണ്‍ വില്‍സന്‍റെ (65) മരണം സംബന്ധിച്ച് ഉയർന്ന ആരോപണങ്ങളാണെന്ന ആരോപണമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

അമ്മയുടെയും മകന്‍റെയും ആത്മഹത്യാകുറിപ്പിലും മാധ്യമ റിപ്പോർട്ടുകൾക്കെതിരെ പരാമർശമുണ്ടെന്നും പറയപ്പെടുന്നു. കൂടത്തായി കേസും ജോണിന്‍റെ മരണവും ഒരേ തരത്തിലുള്ളതാണെന്നു ചില മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നെന്നും ഇതിൽ മനംനൊന്താണ് അമ്മയും മകനും ജീവിതമവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നും സ്റ്റാൻലിയുടെ സുഹൃത്തുക്കൾ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമർശിച്ചത്.

2018 ഡിസംബര്‍ 31നായിരുന്നു ജോൺ ആത്മഹത്യ ചെയ്തത്. ഇതിനു പിന്നാലെ സ്വത്ത്‌ തർക്കത്തിന്‍റെ പേരിൽ സ്റ്റാൻലിക്കും അമ്മക്കുമെതിരെ അദ്ദേഹത്തിന്‍റെ ബന്ധുക്കൾ സിവിൽ കേസ് നൽകിയിരുന്നു. ഇതിനിടയിൽ കൂടത്തായി കേസിന്‍റെ ചുരുളഴിഞ്ഞതോടെ അതേ രീതിയിലുള്ള മരണമാണ് ഇവിടെയും നടന്നതെന്ന സംശയത്തിന്‍റെ പേരിൽ ജോണിന്‍റെ കുടുംബം കോടതിയിൽ പോവുകയും കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.

ആത്മഹത്യ കൊലപാതകമാണോയെന്ന സംശയം ഉണർന്നതിനു പിന്നാലെ ചില മാധ്യമങ്ങൾ വലിയ രീതിയിൽ ഈ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ മാനസികമായി തളർന്ന ലിസിയുംമകനും ജീവിതമവസാനിപ്പിക്കുകയായിരുന്നു എന്നാണ് സുഹൃത്തുക്കൾ പറയുന്നത്.

കേരളത്തിലെ പൊതുവികാരമെന്നു എന്ന് സ്വയം ചമയുന്ന ദൃശ്യവായന മാധ്യമങ്ങൾ കഴിഞ്ഞ ഏറെ നാളുകളായി പൊതു ജനത്തെ വല്ലാതെ സ്വൈര്യം കെടുത്തുന്നുണ്ട്. രാഷ്ട്രീയ ബോധവും കൃത്യമായ വിശകലന സ്വഭാവവുമുണ്ടായിരുന്ന നമ്മുടെ മാധ്യമസംസ്കാരത്തിന്റെ അവസാന ആണിയുമടിച്ചുകൊണ്ടാണ് പെയ്ഡ് വാർത്തകൾക്ക് പിന്നാലെ നമ്മുടെ മിക്ക മാധ്യമങ്ങളും പായുന്നത്. ഇതിനു പുറമെയാണ് സെൻസേഷനുണ്ടാക്കി വാർത്തകൾ സൃഷ്ടിക്കാനുള്ള പുതിയ ത്വര കൂടി അവരെ കീഴടക്കിയിരിക്കുന്നത്.

കൂടത്തായിയിലെ അന്വേഷണത്തെ തന്നെ ഇപ്പോഴും പോലീസ് അവസാനിപ്പിച്ചിട്ടില്ല. ജോളിയുൾപ്പടെയുള്ള പ്രതികളുടെ ഇടപെടൽ സംബന്ധിച്ചും സമാനതരത്തിൽ അവിടെ ഉണ്ടായിട്ടുള്ള മരണങ്ങളിലെ അസ്വാഭാവികതയുണ്ടെങ്കിൽ അതിനെപ്പറ്റിയും അന്വേഷിക്കുകയുമാണ് പോലീസ്. പക്ഷെ നമ്മുടെ മാധ്യമങ്ങൾ അവിടെ യഥാർത്ഥ പ്രതിപട്ടിക നിർമ്മിച്ചുകഴിഞ്ഞു.

കേരളത്തിന്റെ രാഷ്ട്രീയ അവസ്ഥയിൽ മതപരമായ ധ്രുവീകരണം ഉണ്ടാക്കുവാനായുള്ള ശ്രമണങ്ങൾ പോലും നടത്തിക്കൊടുക്കാൻ ക്വട്ടേഷൻ വാങ്ങിയതുപോലെയാണ് ചില ഓൺലൈൻ പോർട്ടലുകൾ ശ്രമിക്കുന്നത്.
സമാന്തരമായി പ്രവർത്തിച്ചിരുന്ന ടാബ്ലോയ്ഡ് ജേര്ണലിസവും പൊതുധാരമാധ്യമ സംസ്കാരവും തമ്മിൽ തിരിച്ചറിയാൻ കഴിയാത്തവിധം വല്ലാത്ത സങ്കീർണ്ണമായ ഒരവസ്ഥയാണ് മലയാളത്തിൽ ഇപ്പോൾ ഉള്ളത്.

രാഷ്ട്രീയപരമായ കൃത്യ നിലപാടുകളിലൂടെ വളർന്ന സാംസ്‌കാരിക വാഹകരായ പത്രങ്ങൾ പോലും ഇപ്പോൾ അതിന്റെ ചരിത്രപരമായ പൈതൃകത്തെ തള്ളിപ്പറയുന്ന കാഴ്ചപോലും കാണുന്നു. ഇതിനേറ്റവും നല്ല ദൃഷ്ടാന്തമാണ് ഗാന്ധിജിയെപ്പറ്റി, അദ്ദേഹത്തിന്റെ ധർമ്മ ബോധത്തെപ്പറ്റി അദ്ദേഹം എക്കാലവും എതിർക്കുകയും ഒടുവിൽ അദ്ദേഹത്തിന്റെ കൊലപാതകത്തിൽ പ്രതിപട്ടികയിൽ നിൽക്കുന്ന തീവ്രവാദ ബോധമുള്ള കക്ഷിയുടെ വക്താവിനെകൊണ്ട് അനുസ്മരണ കുറിപ്പെഴുതിക്കുന്ന തലത്തിൽ വരെ കാര്യങ്ങൾ എത്തിച്ചത് .

Read Also  ദില്ലിയിൽ പലായനങ്ങൾ തുടരുന്നു ; നിരവധി ആളുകളെ കാണാതായി, അഴുക്കുചാലുകളിൽ മൃതദേഹങ്ങൾ, കൊള്ള തുടരുന്നു

ദൽഹി സെന്റ് സ്റ്റീഫൻസ് കോളേജിൽ താത്കാലിക അധ്യാപകനായ യുവാവും അദ്ദേഹത്തിന്റെ അമ്മയുമാണ് ഇപ്പോൾ മാധ്യമ വിചാരണയ്ക്ക് മുൻപിൽ ജീവിതം അവസാനിപ്പിച്ചത്. കഴിഞ്ഞദിവസം ഒരു പെൺ കുട്ടിയുടെ വീഡിയോ വൈറലായിരുന്നു. മന്ത്രി കെ ടി ജലീലിന്റെ ഇടപെടലിലൂടെ കോളജ് മാറ്റം കിട്ടിയെന്നരോപിക്കപ്പെടുന്ന പെൺകുട്ടി അവളുടെ ജീവിതത്തിന്റെ നേർക്കാഴ്ച്ച പങ്കുവയ്ക്കുന്നത് കണ്ടു. ലജ്ജിക്കുന്നു, കേരളത്തിലെ മാധ്യമ സാംസ്‌കാരിക പ്രവർത്തനം നോക്കി. പണ്ട് അതിരാവിലെ ചായക്കടകളിൽ ചായ മോന്തിക്കൊണ്ടിരുന്നു വർത്തമാനപത്രം നോക്കി രാഷ്ട്രീയ വിശകലനം നടത്തിയിരുന്ന ഒരു തലമുറയുണ്ടായിരുന്നു. രാഷ്ട്രീയമെന്തായിരുന്നാലും അതിലൊരു സത്യസന്ധത ഉണ്ടായിരുന്നു വാർത്തകൾ വാർത്തകളായി നൽകാൻ അന്ന് പത്രങ്ങളുണ്ടായിരുന്നു.

ഇപ്പോൾ വാർത്തകളല്ല വളച്ചൊടിച്ചു വരുതിയിൽ വരുത്തിയ നിർമിത വർത്തകളാണ് ഓരോ മാധ്യമങ്ങളും നൽകുന്നത് അതിനാൽ തന്നെ കേരളത്തിന്റെ അവസ്ഥ ഇനിയും മോശമാകും എന്ന് തന്നെ കരുതാം ആട് ചവയ്ക്കുന്നതും പട്ടി മൂത്രമൊഴിക്കുന്നതും കഴിഞ്ഞു എണ്ണിയാൽ പോലും ലക്ഷകണക്കിന് പത്രങ്ങൾ എങ്ങനെയൊക്കെയോ നമ്മുടെ വീടിന്റെ മുന്നാമ്പുറത്ത് രാവിലെ എത്തുന്നുണ്ട്. പിന്നെ ആൻഡ്രോയ്ഡ് ഐ ഫോൺ മുതലായവ നമ്മുടെ കൈകളിലുമുണ്ട്. മാത്രമല്ല നമുക്ക് ഇത്തിരി നിഷ്പക്ഷരാഷ്ട്രീയം കൂടുതലാണെന്ന ചിന്തയുമുണ്ട് ഇത്രമാത്രം മതി ഒരു സമൂഹം നശിച്ചുപോകാൻ .

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love

Leave a Reply