Sunday, November 29

വസ്തു വിൽപനക്കാർ ലീഗ് കയ്യടക്കിയിരിക്കുന്നതായി മുസ്ലിം ലീഗ് യുവനേതാവ്

മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി യൂത്ത് ലീഗ് നേതാവ് യൂസുഫ് പടനിലം. സി.എച്ച് സെന്റർ കേന്ദ്രീകരിച്ച് സ്ഥലകച്ചവടം നടത്തുന്നവരാണ് പാർട്ടി ഭരിക്കുന്നതെന്ന് യൂസുഫ് ആരോപിച്ചു. സ്ഥാനാർത്ഥി നിർണയത്തിൽ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെയും മുനവ്വറലി ശിഹാബ് തങ്ങളുടെയും നിർദേശം ജില്ലാ നേതൃത്വം അവഗണിക്കുകയാണെന്നും യൂസൂഫ് ആരോപിച്ചു. ലീഗിനെതിരെ വിമതസ്ഥാനാർത്ഥിയായി പട്ടിക സമർപ്പിച്ച യാലാണ് സംസ്ഥാന യൂത്ത് ലീഗ് നേതാവായ യൂസുഫ് പടനിലം.

യൂത്ത് ലീഗിനെ അവഗണിച്ചതിനെതിരെ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് കനത്ത തിരിച്ചടി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂത്ത് ലീഗ് ദേശീയ നിർവാഹക അംഗവും സംസ്ഥാന കമ്മിറ്റി അംഗവുമാണ് യൂസുഫ് പടനിലം.

ലീഗിലെ യുവാക്കൾക്ക് തദ്ദേശതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയത്തിൽ മതിയായ പ്രാതിനിധ്യം നൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കുന്ദമംഗലം ബ്ലോക്ക് ഡിവിഷനിൽ വിമതസ്ഥാനാർത്ഥിയായി യൂസുഫ് പത്രിക സമർപ്പിച്ചത്. ഇതിന് പിന്നാലെയാണ് ലീഗ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. സിറാജ് പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് യൂസുഫ് ആരോപണങ്ങളുന്നയിച്ചത്.

കുന്ദമംഗലം പഞ്ചായത്ത് കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് വിജലൻസ് അന്വേഷണം ഭയന്നാണ് യുവതലമുറയിൽ പെട്ടവർക്ക് സീറ്റ് നൽകാതിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പഞ്ചായത്തിൽ നടന്ന നിർമ്മാണ പ്രവർത്തനങ്ങളിൽ പുനരന്വേഷണം ആവശ്യപ്പെടുമെന്നും യൂസുഫ് മുന്നറിയിപ്പ് നൽകി.സ്ഥാനാർത്ഥികളെ നിർദേശിക്കേണ്ട മണ്ഡലം പാർലമെന്റ് കമ്മിറ്റി വാർഡ് സ്ഥാനങ്ങൾ പങ്കിട്ടെടുത്തുവെന്നും യൂസുഫ് പറയുന്നു.

‘ഇപ്പോഴത്തെ ലീഗ് ജില്ലാ നേതാക്കൾക്ക് മുകളിലേക്ക് ആർക്കും പോകാനനുവദിക്കില്ല. സി. എച്ച് സെന്റർ കേന്ദ്രീകരിച്ച് സ്ഥലക്കച്ചവടം നടത്തുന്നവരാണ് പാർട്ടി ഭരിക്കുന്നത്. ഹൈദരലി ശിഹാബ് തങ്ങളുടെ നിർദേശം അവഗണിച്ചുവെന്ന് മാത്രമല്ല, നാലാം തവണയും ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഒ ഹുസൈന് മത്സരിക്കാൻ സീറ്റ് നൽകി. ഇക്കാര്യം ശിഹാബ് തങ്ങളുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. എം. എ റസാഖ് മാസ്റ്റർ, യു.സി രാമൻ, പി.കെ ഫിറോസ് തുടങ്ങിയവർ പാർട്ടിയിൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ്.’ യൂസുഫ് പറഞ്ഞു.

യൂത്ത് ലീഗ് നേതാക്കളെ സ്ഥാനാർത്ഥി നിർണയത്തിൽ പരിഗണിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. യൂത്ത് ലീഗിൽ കാലാവധി കഴിയുന്ന തങ്ങൾക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ മാന്യമായ പരിഗണന നൽകുമെന്നാണ് അറിയിച്ചിരുന്നത്. അവഗണനയിൽ യൂത്ത് ലീഗ് നേതാക്കൾ പാർട്ടിക്കകത്ത് പ്രതിഷേധിക്കുന്നുണ്ട്. പല ഭാഗത്തും യൂത്ത് ലീഗ് നേതാക്കൾ വിമതരായി മത്സരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Spread the love
Read Also  ഇനിയും ചിലർ കൂടി എൽ ഡി എഫിൽ എത്തും തെരെഞ്ഞെടുപ്പ് രാഷ്ട്രീയം പിടി മുറുകുന്നു