Sunday, January 16

സാക്കിർ നായിക്കിനെ നാടുകടത്തില്ലെന്ന് മലേഷ്യ

വിവാദമതപ്രഭാഷകനായ സാക്കിർ നായിക്കിനെ നാടുകടത്തില്ലെന്ന് മലേഷ്യ അറിയിച്ചു. സാക്കിറിനെ വിട്ടുകിട്ടണമേന്ന ഇന്ത്യയുടെ ആവശ്യം നിരാകരിച്ചുകൊണ്ട് മലേഷ്യൻ പ്രധാനമന്ത്രി മോഹാതിർ മുഹമ്മദാണ് ഇക്കാര്യം അറിയിച്ചത്. സാക്കിർ നായിക്കിനെ വിട്ടുകിട്ടണമെന്ന് ഇന്ത്യൻ വിദേശകാര്യവകുപ്പ് നേരത്തെ മലേഷ്യയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് മലേഷ്യ ഔദ്യോഗികമായി നിലപാട് വ്യക്തമാക്കിയത്.

സാക്കിർ നായിക് മലേഷ്യയിലെ സ്ഥിരതാമസക്കാരനായതുകൊണ്ട് അദ്ദേഹത്തെ തിരിച്ചയക്കില്ലെന്നു മോഹാതിർ കോലാലംപൂരിൽ നടന്ന വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യയും മലേഷ്യയും തമ്മിൽ കുറ്റവാളികളെ കൈമാറാനുള്ള കരാറുണ്ടാക്കിയിട്ടുണ്ട്. അത് പ്രകാരമാണ് സാക്കിറിനെ വിട്ടുകിട്ടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടത്. ആവശ്യം പരിശോധിക്കാമെന്ന് മലേഷ്യൻ വിദേശകാര്യവകുപ്പ് വ്യക്തമാക്കിയിരുന്നു.
നേരത്തെ ഇന്ത്യയിലേക്ക് വരുന്നുവെന്ന മാധ്യമവാർത്ത സാക്കിർ നായിക് നിരാകരിച്ചിരുന്നു. 2016 ലാണ് സാക്കിർ നായിക് യുവാക്കളെ ഭീകരവാദത്തിലേക്ക് ആകൃഷ്ടരാക്കുന്ന രീതിയിൽ പ്രസംഗിച്ചെന്നാരോപിച്ചു കേസെടുത്തത്. ഇതിനിടെ സാക്കിർ മലേഷ്യയിലേക്ക് രക്ഷപ്പെടുകയായിരുന്നു.

Spread the love
Read Also  വംശീയ വിദ്വേഷ പ്രസംഗം ; സാക്കിർ നായിക്കിനു മലേഷ്യയിലും വിലക്ക്